ദുൽഖർ സൽമാൻ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത ഓണച്ചിത്രമായി ഈ മാസം 24-ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് താരങ്ങളും അണിയറപ്രവർത്തകരും. സിനിമയുടെ നിർമാതാക്കളിലൊരാളായ ദുൽഖർ ചിത്രത്തേക്കുറിച്ചും തന്റെ കരിയറിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണിപ്പോൾ. 

To advertise here,

കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേഴ്സ്യൽ സിനിമ ആക്കി മാറ്റാമെന്ന് ആലോചിച്ചെന്ന് താരം പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് കൊത്തയെ ദുൽഖർ വിശേഷിപ്പിച്ചത്. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ തങ്ങൾ നിർമ്മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും തനിക്ക് പ്രതീക്ഷകൾ ഒരുപാടാണെന്നും ദുൽഖർ പറഞ്ഞു. 

കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്നും താരം പറഞ്ഞു. തന്നേയും തന്റെ സിനിമകളെയും കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ തന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട് എന്നാണ് പാൻ ഇന്ത്യൻ തലത്തിൽ നടക്കുന്ന പ്രൊമോഷനുകളിൽ തന്റെ കരിയറിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ​ഗ്യാങ്സ്റ്റർ ഡ്രാമയാണെങ്കിലും പ്രമേയത്തിലൂന്നിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്റേതെന്ന് നായികയായ ഐശ്വര്യലക്ഷ്മി പറഞ്ഞു. മികച്ച രീതിയിലാണ് കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും കഥാപാത്രങ്ങൾക്കെല്ലാം എല്ലാവരും ഈ സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും അവർ പറഞ്ഞു.

ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുതന്നെയാണ് പ്രധാനവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഷബീർ കല്ലറയ്ക്കലിനും പറയാനുണ്ടായിരുന്നത്. കഥ വളരെയേറെ ഇഷ്ടമായി. ദുൽഖർ സൽമാൻ നായകനാവുകയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുകയും ചെയ്യുന്ന ചിത്രം എന്നതിൽക്കൂടുതലായി ഞാനെന്താണ് ചോദിക്കേണ്ടത്. എന്റെ കഥാപാത്രവും സ്റ്റോറിലൈൻ ​ഗംഭീരമാണ്. ഷബീർ പറഞ്ഞു.

ബുക്ക് മൈ ഷോയിൽ കിംഗ് ഓഫ് കൊത്തയുടെ  ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു നിമിഷങ്ങൾക്കകം ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിലായി. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിം​ഗ് ഓഫ കൊത്തയുടെ നിർമാണം. പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.