
ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. വ്യത്യസ്ത ഗെറ്റപ്പുകളിൽ ദുൽഖർ എത്തുന്ന മാസ് എന്റർടെയ്‌നറിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് 'കിങ് ഓഫ് കൊത്ത'യുടെ തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ.
എന്താണ് 'കൊത്ത', എങ്ങനെയാണ് ഈ സിനിമയുടെ ആരംഭം....?
ഞാനെഴുതി ജോഷി സാർ സംവിധാനം ചെയ്ത 'പൊറിഞ്ചു മറിയം ജോസിന്റെ' സെറ്റിൽ വച്ചാണ് അഭിലാഷ് ജോഷിയെ അടുത്ത് പരിചയപ്പെടുന്നത്. അന്ന് ജോഷി സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു അഭി. സ്വതന്ത്രമായൊരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് അന്ന് അഭി പറഞ്ഞിരുന്നു. പൊറിഞ്ചു കഴിഞ്ഞപ്പോൾ ഞാൻ അഭിയോട് 'കിങ് ഓഫ് കൊത്ത' യുടെ ഐഡിയ പറഞ്ഞു. അഭിക്ക് അത് ഇഷ്ടപ്പെട്ടു. ദുൽഖറായിരുന്നു നായക വേഷത്തിൽ ഞങ്ങളുടെ മനസ്സിൽ. ദുൽഖറും അഭിയും ബാല്യകാല സുഹൃത്തുക്കളാണ്. ഞങ്ങൾ ദുൽഖറിനെ കണ്ട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് 'കിങ് ഓഫ് കൊത്ത' ആരംഭിക്കുന്നത്.

'കൊത്ത' ഒരു സാങ്കൽപ്പിക നഗരമാണ്. നമ്മൾ കണ്ടുപരിചയമില്ലാത്ത ഒരുസ്ഥലം. തമിഴ്‌നാട്ടിലെ കാരൈക്കുടിയിലും ചെട്ടിനാട്ടിലുമൊക്കെ സെറ്റിട്ടാണ് ആ നഗരത്തെ സൃഷ്ടിച്ചത്. കൊത്തയിലെ മനുഷ്യ ബന്ധങ്ങളും സംഭവങ്ങളുമെല്ലാം ലോകത്ത് എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. ഈ കഥ ലോകത്ത് എവിടെയും സംഭവിക്കാം, അതിനാൽ സിനിമ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാകും. പതിവ് മാസ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇമോഷൻസിന് കൂടി പ്രധാന്യം കൊടുത്താണ് കിങ് ഓഫ് കൊത്ത എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും അവരുടേതായ ഐഡന്റിറ്റി നൽകാൻ ശ്രമിച്ചിട്ടുണ്ട്.
മാസ് നായകനായി എന്തുകൊണ്ട് ദുൽഖർ.....?
ഇതിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ വലിയ ക്യാൻവാസിലുള്ള ചിത്രമാണെന്ന് അറിയാമായിരുന്നു. ദുൽഖറിനെ പോലെ പാൻ ഇന്ത്യൻ മാർക്കറ്റുള്ള നടൻ വന്നാൽ ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഉദ്ദേശിക്കുന്ന രീതിയിൽ പൂർത്തിയാക്കാനാകും എന്ന് ഉറപ്പുണ്ടായിരുന്നു. എഴുതുമ്പോൾ എല്ലാ ഭാഷകളിലുള്ളവർക്കും കണക്ട് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കഥാപശ്ചാത്തലം ഉണ്ടാക്കാൻ ശ്രദ്ധിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് വരെ മലയാളത്തിൽ പല ബിഗ്ബജറ്റ് സിനിമകളും വിജയിച്ചാലും ബിസിനസ് ലാഭകരമാകാറില്ല. അതിന് കാരണം മലയാള സിനിമ മാർക്കറ്റിന്റെ പരിമിതിയാണ്. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറി.

ദുൽഖർ എന്ന അഭിനേതാവിന് ഇന്ത്യൻ സിനിമ മാർക്കറ്റിലുണ്ടായ വളർച്ച 'കിങ് ഓഫ് കൊത്ത' എന്ന സിനിമയ്ക്ക് വളരെ വലിയ ഗുണമാകുന്നുണ്ട്. ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഷൂട്ട് ചെയ്യാൻ പറ്റിയത് അതുകൊണ്ടാണ്. ദുൽഖർ അസാമാന്യമായ അഭിനയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് ഒന്നുകൂടി ആഴത്തിൽ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ആക്ഷൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ദുൽഖറിന്റെ ആദ്യ കംപ്ലീറ്റ് മാസ് എന്റർടെയ്‌നറാണിത്.
ജോഷി-മമ്മൂട്ടി ഹിറ്റ് കോംമ്പോയിൽ നിന്ന് അടുത്ത തലമുറയായ അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ കൂട്ടുകെട്ടിലേക്ക്...?
എഴുത്തുകാരനെന്ന നിലയിൽ വളരെ സന്തോഷമുള്ള കാര്യമാണത്. ആദ്യ സിനിമ ജോഷി സാറിന്റെ കൂടെയും രണ്ടാമത്തെ സിനിമ അദ്ദേഹത്തിന്റെ മകനായ അഭിലാഷ് ജോഷിയുടെയും മമ്മൂട്ടിയുടെ മകനായ ദുൽഖറിന്റെയും കൂടെയും ചെയ്യാൻ സാധിച്ചു. ജോഷി- മമ്മൂട്ടി എന്നത് മലയാള സിനിമയെ എക്കാലത്തെയും ത്രസിപ്പിച്ച കൂട്ടുക്കെട്ടാണ്. നാം ഇന്നും ആഘോഷിക്കുന്ന ഒരുപാട് സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. അവരുടെ അടുത്ത തലമുറ ഒരുമിക്കുന്ന സിനിമയ്ക്ക് ഞാൻ നിമിത്തമായി എന്നത് ഏറെ അഭിമാനം നൽകുന്നു.
Content Highlights: dulquer salmaan abhilash joshy movie king of kotha writer abhilash n chandran interview
Published: 27 Aug 2023, 09:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented