കൊച്ചി: തന്റെ പുതിയ ചിത്രമായ കിം​ഗ് ഓഫ് കൊത്തക്ക് ലഭിക്കുന്ന ഹൈപ്പ് പേടിപ്പെടുത്തുന്നതെന്ന് നടൻ ദുൽഖർ സൽമാൻ. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസ് ആയതുമുതൽ ഉണ്ടായ ഹൈപ്പ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്ന ആരും പ്രതീക്ഷിച്ചതല്ലെന്നും എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഈ ഹൈപ്പ് തന്നെ പേടിപ്പെടുത്തുന്നതാണെന്നും ദുൽഖർ പറഞ്ഞു. കിം​ഗ് ഓഫ് കൊത്തയുടെ റിലീസിന് മുമ്പായി കൊച്ചിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

To advertise here,

തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്ത. കരിയറിലെ ഒരു വർഷത്തോളം ഈ സിനിമക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ റിലീസ് ആയതുമുതൽ ഉണ്ടായ ഹൈപ്പ് വലുതായിരുന്നു. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ പിന്നണിയിലെ പ്രവർത്തനങ്ങളെല്ലാം മികച്ചതാക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഏറ്റവും നല്ല കൊറിയോഗ്രാഫറേയും ഏറ്റവും നല്ല ടെക്നീഷ്യനേയും കൊണ്ടുവരാനായി ശ്രമിച്ചുവെന്നും ദുൽഖർ പറഞ്ഞു. 

പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രമായ കിങ് ഓഫ് കൊത്തയുടെ എല്ലാ ഭാഷകളിലും ദുൽഖർ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച്‌ സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.