വയനാട് : മലയോര ജില്ലയായ വയനാട്ടിൽ കിഫ്ബി വഴി വൻപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സ്വപ്ന പദ്ധതിയായ തുരങ്കപാതയും എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയവും നെട്ടറ പാലവും കിഫ്ബി വഴി വയനാട് സ്വന്തമാക്കിയ നേട്ടങ്ങളാണ്.
കിഫ്ബിയുടെ ധനസഹായത്താൽ 2134 കോടി രൂപയുടെ മുതൽമുടക്കിലാണ് തുരങ്കപാത നിർമിക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. ചുരമില്ലാത്ത പാതയാണിത്. കൊച്ചി - ബെംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വൻ കുതിച്ചുചാട്ടം സൃഷ്ടിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും. കള്ളാടിയിൽനിന്ന് ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി ടണൽ റോഡ് മാറും. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാതയും തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി നദിക്കു മുകളിലൂടെ, 12.74 കോടി രൂപ ചെലവഴിച്ച് നിർമിച്ച നെട്ടറ പാലവും പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിൽപ്പെടുന്നവയാണ്.
കിഫ്ബി പദ്ധതിയിലൂടെ ആധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ച എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം വയനാട്ടിലെ കായിക താരങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ്. കൽപ്പറ്റ മരവയലിലുള്ള ഈ സ്റ്റേഡിയത്തിൽ ലോക അത്ലറ്റിക് ട്രാക്ക് ഫെഡറേഷന്റെ അംഗീകാരമുള്ള സിന്തറ്റിക് ട്രാക്ക് ആണ് ഒരുക്കിയിട്ടുള്ളത്. 18. 73 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്, പവലിയൻ, ഫുട്ബോൾ ഗ്രൗണ്ട് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയ്ക്കു പുറമേ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിലും കിഫ്ബി വഴി നിരവധി വികസന പ്രവർത്തനങ്ങൾ വയനാട്ടിൽ നടപ്പിലാക്കുന്നു.
Content Highlights: Explore Wayanad`s transformative KIIFB projects: India`s 2nd longest twin-tube tunnel, MK Jinchandran District Stadium, and Nettara Bridge. Development boosts tourism & connectivity.
Published: 24 Feb 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented