കൊച്ചി: കിഫ്ബിയിൽ നിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിട്ട് എറണാകുളത്ത് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ യാഥാർഥ്യമാക്കി. കളമശ്ശേരിയിൽ എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിനു സമീപത്തുള്ള കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ അന്താരാഷ്ട്ര നിലവാരമുള്ള അർബുദ ചികിത്സയും ഗവേഷണവും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ഇത്തരം സെന്ററുകളിൽ ഏറ്റവും വലിയ ഒറ്റക്കെട്ടിടമാണിത്.
12 ഏക്കറിൽ നാലു ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിലാണ് കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ ഉയർന്നിട്ടുള്ളത്. മന്ദിരനിർമാണത്തിനായി 223 കോടി രൂപ ചെലവഴിച്ചു. 150 കോടി രൂപയാണ് ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചതും ഉപകരണങ്ങൾ വാങ്ങിയതും. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, ഓങ്കോളജി എന്നീ വിഭാഗങ്ങളിലായി 100 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെ ആസ്പത്രികളിൽ നിന്നുള്ളവർക്കുള്ള റഫറൽ ആസ്പത്രിയായിരിക്കും ഇത്. മന്ദിരത്തിലെ എ ബ്ലോക്കിൽ ഒന്നാം നിലയിലായിരിക്കും ഒപി വിഭാഗം. ഇവിടെ 20 ക്യൂബിക്കിളിൽ ഡോക്ടർമാർ പരിശോധനയ്ക്ക് ഉണ്ടാവും. ഗ്രൗണ്ട്ഫ്ളോറിൽ രജിസ്ട്രേഷൻ, എംആർഐ, സിടി സ്കാൻ, കാഷ്വാലിറ്റി, ഫാർമസി, എക്സ്റേ, മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാൻ എന്നിവ ഉണ്ടാവും. ഒന്നും രണ്ടും നിലകളിലായി ഒപി റീഹാബിലിറ്റേഷൻ ക്ലിനിക്കും മൂന്നാംനിലയിൽ ഡേകെയർ കീമോ തെറപ്പിയും നാലാംനിലയിൽ രോഗികളുടെ ഐപി വാർഡുകളുമാണുള്ളത്. അഞ്ചാംനിലയിലാണ് ശസ്ത്രക്രിയാ തിയേറ്ററുകൾ. ബി ബ്ലോക്കിലെ ഒന്നാംനിലയിൽ റേഡിയോ തെറപ്പി യൂണിറ്റും ഡിപ്പാർട്ട്മെൻറും പതോളജിവിഭാഗവും ബയോമെഡിക്കൽ വിഭാഗവും പ്രവർത്തിക്കും.
സി ബ്ലോക്കിലെ ഒന്നാംനിലയിൽ പതോളജി ലാബും പേവാർഡും കാന്റീനും രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ ജനിതക ഗവേഷണ പരീക്ഷണ ശാലയും സ്ഥാപിച്ചിട്ടുണ്ട്. ഡി ബ്ലോക്കിൽ പേവാർഡും പാലിയേറ്റീവ് ഒപിയും ഉണ്ടാവും. ദിവസം ഒരേസമയം 10 രോഗികൾക്കുവരെ കീമോ കൊടുക്കാൻ സൗകര്യവും ഉണ്ട്. കൂട്ടിരിപ്പുകാരായ 132 പേർക്ക് താമസിക്കാൻ അമിനിറ്റി സെൻററും ഒരുക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.21 കോടി രൂപ ചെലവഴിച്ച് ഒഫ്താൽമിക് ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ്നാറ്റൽ വാർഡ്, ഓപ്പറേഷൻ തീയറ്റർ കോപ്ലക്സിന് അഡീഷണൽ ഫ്ളോർ എന്നിവ തയ്യാറായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ 368 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്.
Content Highlights: Kochi Cancer Research Centre, funded by KIIFB, offers world-class cancer treatment and research for patients in Central Kerala. State-of-the-art facilities now operational.
Published: 24 Feb 2026, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented