കണ്ണൂർ: ജില്ലയിൽ കിഫ്ബി വഴി നടപ്പിലാക്കിയ മുഴപ്പിലങ്ങാട് - ധർമടം സമഗ്ര ടൂറിസം പദ്ധതിയും തലശേരി ഹെറിറ്റേജ് പദ്ധതിയും ടൂറിസം മേഖലയ്ക്കു കരുത്ത് പകരുന്നവയാണ്.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, പ്രകൃതിരമണീയമായ ധർമടം ബീച്ച്, അഞ്ചരക്കണ്ടി ധർമടം എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളത്. കിഫ്ബിയിൽ നിന്ന് ലഭിച്ച 233.72 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 62 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. തലശേരിയിലെ കടൽത്തീരത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പാർക്കുകളാണ് കിഫ്ബിയുടെ ഭാഗമായുള്ള വികസന പദ്ധതികളിലൂടെ ഒരുക്കിയത്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളും നാല് കിലോമീറ്റർ നീളമുള്ള നടപ്പാതയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഓവർ ബെറീസ് ഹോളി പാർക്ക്, സീ വ്യൂ പാർക്ക്, തലശേരി പിയർ പാർക്ക് എന്നിവയാണ് പദ്ധതിയൽ ഉൾപ്പെടുത്തിയിട്ടുള്ള പാർക്കുകൾ. ധർമടം ബീച്ചിൽ ഫ്‌ളോട്ടിങ് ഡെക്ക്, മ്യൂസിക് ഫൗണ്ടൻ, ജോഗിങ് - സൈക്കിൾ ട്രാക്ക് എന്നിവയെല്ലാം കിഫ്ബി പദ്ധതി വഴി ഒരുക്കും.

തലശേരിയിലെ ഹെറിറ്റേജ് ടൂറിസം വികസനമാണ് ജില്ലയിലെ മറ്റൊരു പ്രധാന കിഫ്ബി പദ്ധതി. ഗുണ്ടർട്ട് ബംഗ്ലാവായിരുന്ന ഗുണ്ടർട്ട് മ്യൂസിയം ചരിത്രാന്വേഷകർക്കും ഗവേഷകർക്കും ഉപകരിക്കുന്ന വിധത്തിൽ നവീകരിച്ചു. ഹെർമൻ ഹെസ്സെ ലൈബ്രറി, ജൂലി ഗുണ്ടർട്ട് ഹാൾ, അപൂർവങ്ങളായ കയ്യെഴുത്ത് പ്രതികൾ, ഡിജിറ്റൽ ബുക്ക് ആർക്കൈവ് എന്നിവ ഈ മ്യൂസിയത്തിലുണ്ട്.

To advertise here,