തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് സഞ്ജു സാംസണ്‍. ഞായറാഴ്ച ആലപ്പി റിപ്പിള്‍സിനെതിരേ സഞ്ജു അര്‍ധസെഞ്ചുറി കുറിച്ചു. റണ്‍വേട്ടയില്‍ നിലവില്‍ രണ്ടാമതുള്ള താരം ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ്. മൂന്ന് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ സമ്പാദ്യം. 

To advertise here,

ആലപ്പിക്കെതിരേയും സഞ്ജു വെടിക്കെട്ട് തുടരുന്നതാണ് കണ്ടത്. ആലപ്പി ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ കൊച്ചിക്കായി സഞ്ജു തകര്‍ത്തടിച്ചു. 41 പന്തില്‍ 83 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. രണ്ട് ഫോറുകളും ഒന്‍പത് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ടീമിനെ വിജയത്തിനടുത്തെത്തിച്ചാണ് താരം മടങ്ങിയത്. മുഹമ്മദ് ഇനാന്‍ എറിഞ്ഞ 13-ാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സര്‍ നേടി സഞ്ജു ആരാധകരെ ആവേശത്തിലാക്കി. ആ ഓവറില്‍ 25 റണ്‍സാണ് താരം അടിച്ചെടുത്തത്. 

ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 368 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 379 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരവും സഞ്ജുവാണ്. ഇതുവരെ 30 സിക്‌സറുകളാണ് താരം നേടിയത്. 

കഴിഞ്ഞ മത്സരത്തിൽ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ സഞ്ജു  37 പന്തില്‍ 62 റണ്‍സെടുത്തിരുന്നു.നാല് ഫോറുകളും അഞ്ച്സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരേ താരം അര്‍ധസെഞ്ചുറിയും കൊല്ലം സെയ്‌ലേഴ്‌സിനെതിരേ സെഞ്ചുറിയും തികച്ചിരുന്നു. തൃശ്ശൂരിനെതിരേ 46 പന്തില്‍ 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. കൊല്ലം സെയ്‌ലേഴ്‌സിനെതിരേ 16 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ 42 പന്തിൽ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയർത്തിയ 237 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായാണ് ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഒടുക്കം 51 പന്തിൽ 121 റൺസെടുത്താണ് സഞ്ജു മടങ്ങിയത്.