
'എടാ മോനെ, കൊല്ലം പൊളിയല്ലേ...' ഈ ടാഗ് ലൈനുമായാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ വരവ്. ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. കിരീടം നേടി ചരിത്രം കുറിക്കുക. അതിനായി ടീം തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ടീമിൻ്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളെയെല്ലാം നിലനിർത്തിയിട്ടുണ്ട്. ഒപ്പം ലേലത്തിലൂടെ കൂടുതൽ കരുത്തരായ താരങ്ങളെ സ്വന്തമാക്കുകയും ചെയ്തു. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും അതിശക്തമായ സംഘമാണ് ഇത്തവണ കൊല്ലത്തിന്റേത്. അടിക്കു തിരിച്ചടിയെന്ന മട്ടിൽ മറുപടി നൽകാൻ കെൽപ്പുള്ള നിര. അതിനാൽ രണ്ടാം സീസണിലും ടീമിന്റെ നയം വ്യക്തമാണ്. കിരീടം വിട്ടുകൊടുക്കാൻ ഒരുക്കമേയല്ല. എന്തുവിലകൊടുത്തും കപ്പ് നിലനിർത്തുക.
കഴിഞ്ഞ സീസണിന് സമാനമായി സച്ചിൻ ബേബി തന്നെയാണ് കൊല്ലം സെയിലേഴ്സിൻ്റെ നായകൻ. ബാറ്റിങ്ങിലും ടീമിന്റെ നെടുംതൂണാണ് സച്ചിൻ. രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും അടക്കം 528 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയായിരുന്നു കഴിഞ്ഞ സീസണിലെ ടീമിൻ്റെ ടോപ് സ്കോറർ. അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദുമായിരുന്നു റൺവേട്ടയിൽ സച്ചിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. മൂവരും ഇത്തവണയും ടീമിനൊപ്പമുള്ളതിനാൽ ബാറ്റിങ് നിരയിൽ വലിയ മാറ്റങ്ങളില്ല. കഴിഞ്ഞ തവണ ടീമിനു വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ച അഞ്ച് താരങ്ങളിൽ ഒരാൾ ഒഴികെ എല്ലാവരും ഇത്തവണയും ടീമിനൊപ്പം തന്നെയുണ്ട്.
ഈ താരങ്ങൾക്കു പുറമെ വിഷ്ണു വിനോദിനെയും എം.എസ്. അഖിലിനെയും കൂടി ടീമിലെത്തിച്ചതോടെ ബാറ്റിങ് നിര കൂടുതൽ കരുത്തുറ്റതായി. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു വിഷ്ണു വിനോദ്. ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയുമടക്കം 438 റൺസായിരുന്നു വിഷ്ണു വിനോദ് അടിച്ചു കൂട്ടിയത്. രാഹുൽ ശർമ്മയും ഭരത് സൂര്യയും ഷറഫുദ്ദീനുമടക്കം ബാറ്റിങ്ങിൽ തിളങ്ങുന്ന താരങ്ങൾ ഒട്ടേറെപ്പേരുണ്ട് കൊല്ലം നിരയിൽ. ഏത് വലിയ ടോട്ടലും അടിച്ചെടുക്കാൻ കെൽപ്പുള്ള സംഘവുമായി തന്നെയാണ് ഇക്കുറി കൊല്ലത്തിന്റെ വരവ്.
കഴിഞ്ഞ സീസണിലെ ടീമിന്റെ ബാറ്റിങ് പ്രകടനം കളിപ്രേമികളുടെ ഓർമയിൽ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. പ്രത്യേകിച്ച് കലാശപ്പോരിലെ ചേസിങ്. കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോർ കുറിച്ച് ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ കിരീടപ്രതീക്ഷ വാനോളമായിരുന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്. കൊല്ലം സെയിലേഴ്സിനെ എളുപ്പത്തിൽ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടൽ. അടിമുടി ആവേശം നിറഞ്ഞ കലാശപ്പോരിൽ പക്ഷേ കാലിക്കറ്റിന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞു. ഒരു സമ്മർദത്തിനും അടിപ്പെടാതെ പോരാടിയ സച്ചിൻ ബേബി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശക്കടലാക്കിയപ്പോൾ കാലിക്കറ്റ് കാഴ്ചക്കാരായി. കൊല്ലം സെയിലേഴ്സ് തിരിച്ചടിച്ചു. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ മുത്തമിട്ടാണ് കൊല്ലം അന്ന് മടങ്ങിയത്. 54 പന്തിൽ 105 റൺസുമായി കൊല്ലത്തിന് കിരീടം നേടിക്കൊടുത്ത സച്ചിൻ ബേബി മാൻ ഓഫ് ദ മാച്ചുമായി. അതേ പോരാട്ടവീര്യത്തോടെയാണ് ഇത്തവണയും ടീമെത്തുന്നത്.
ബൗളിങ്ങിലും കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണയുമുണ്ട്. 19 വിക്കറ്റുമായി ഷറഫുദ്ദീനും 17 വിക്കറ്റുമായി ബിജു നാരായണനുമായിരുന്നു കഴിഞ്ഞ സീസണിൽ ടീമിൻ്റെ പ്രധാന വിക്കറ്റ് വേട്ടക്കാർ. ഇവർ ഇരുവരും തന്നെയായിരിക്കും ഇത്തവണയും ബൗളിങ് നിരയെ നയിക്കുക. പവൻരാജ്, വിജയ് വിശ്വനാഥ് എന്നിവരെ ലേലത്തിലൂടെ വീണ്ടും സ്വന്തമാക്കിയപ്പോൾ ഏദൻ ആപ്പിൾ ടോം, ജോസ് പെരയിൽ തുടങ്ങിയവരെ പുതുതായി ടീമിലെത്തിക്കാനുമായി. ഷറഫുദ്ദീനും എം.എസ്. അഖിലുമാണ് ടീമിൻ്റെ ഓൾ റൗണ്ട് കരുത്ത്. ഇതിനൊപ്പം അമൽജിത് അനു, സച്ചിൻ പി.എസ്., അജയ്ഘോഷ് തുടങ്ങിയ താരങ്ങളും ടീമിനൊപ്പമുണ്ട്. അങ്ങനെ അടിമുടി ശക്തമാണ് നിലവിലെ ചാമ്പ്യൻമാർ.
കിരീടം നിലനിർത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് നായകൻ സച്ചിൻ ബേബി പറയുന്നു. ടീമംഗങ്ങൾ എല്ലാവരും നല്ലരീതിയിൽ തയ്യാറെടുക്കുന്നുണ്ട്. ഈ സീസണിൽ നന്നായി കഠിനാധ്വാനം ചെയ്യണം. അതിനുള്ള പിന്തുണ പരിശീലകരിൽ നിന്നും മാനേജർമാരുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. നായകനായി കിരീടം നിലനിർത്താനിറങ്ങുമ്പോൾ സ്വാഭാവികമായും സമ്മർദമുണ്ട്. നന്നായി കളിച്ചതിനാലാണ് ആദ്യ സീസണിൽ കിരീടം നേടാനായത്. ഒരു മത്സരവും നമ്മൾ നിസാരമായി കാണില്ല. - സച്ചിൻ പറഞ്ഞു. വിഷ്ണു വിനോദ്, അഖിൽ എം.എസ് തുടങ്ങിയ താരങ്ങൾ മത്സരം ജയിപ്പിക്കാൻ കെൽപ്പുള്ളവരാണെന്നും അവർ ടീമിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.
മോനിഷ് സതീഷാണ് ഈ സീസണിൽ ടീമിൻ്റെ പരിശീലകൻ. നിഖിലേഷ് സുരേന്ദ്രന്‍ അസിസ്റ്റൻ്റ് കോച്ച്. മാനേജറായി അജീഷും വീഡിയോ അനലിസ്റ്റായി ആരോൺ ജോർജ് തോമസും ടീമിനൊപ്പമുണ്ട്. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ. ടീമിന്റെ സിഇഒ ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജാണ്.
ടീം അംഗങ്ങൾ - സച്ചിൻ ബേബി, എൻ.എം. ഷറഫുദ്ദീൻ, വിഷ്ണു വിനോദ്, വത്സൽ ഗോവിന്ദ്, അഭിഷേക് ജെ. നായർ, അഖിൽ എം.എസ്., ബിജു നാരായണൻ, വിജയ് വിശ്വനാഥ്,രാഹുൽ ശർമ്മ, അതുൽജിത് അനു, അമൽ എ.ജി, ആഷിക് മുഹമ്മദ്, സച്ചിൻ പി.എസ്, അജയ്ഘോഷ് എൻ. എസ്., പവൻ രാജ്, ജോസ് പെരയിൽ, ഏദൻ ആപ്പിൾ ടോം, ഭരത് സൂര്യ.
Content Highlights: kerala cricket league aries kollam sailors squad
Published: 18 Aug 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented