തിരുവനന്തപുരം: വിവിധ നികുതികള്‍ വര്‍ധിപ്പിച്ചും വികസനപദ്ധതികള്‍ പ്രഖ്യാപിച്ചും രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ആള്‍താമസമില്ലാത്ത വീടുകള്‍ ടൂറിസത്തിന് ഉപയോഗിക്കാനാകുന്ന കെ ഹോംസ് പദ്ധതി, എ.ഐ വികസനം, വ്യവസായ ഇടനാഴി എന്നിങ്ങനെ വികസനപ്രവര്‍ത്തനങ്ങളെ ഉന്നമിട്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. അതേസമയം ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50% വര്‍ധിപ്പിക്കുന്നതായും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതായും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല. എന്നാല്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന പ്രഖ്യാപനവും ബജറ്റില്‍ ധനമന്ത്രി നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ. കൂടി അനുവദിച്ചിട്ടുണ്ട്. ഇത് ഏപ്രിലില്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനവായ്പയ്ക്ക് 2% പലിശയിളവ് നല്‍കും. ഭാവി കേരളത്തിന്റെ വികസനരേഖയായി ബജറ്റ് മാറുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സി.എം.ഡി.ആര്‍.എഫ്, എസ്.ഡി.എം.എ, പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള ഫണ്ടുകള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ ഇതിനായി വിനിയോഗിക്കും. ഉരുള്‍പ്പൊട്ടല്‍ ദുരന്തം മൂലമുണ്ടായ നഷ്ടം ഏകദേശം 1202 കോടിയാണെന്നും പുനരധിവാസത്തിനുള്ള ചെലവ് ഏകദേശം 2221 കോടി വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അടങ്ങിയ സംഘം വിലയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2025-26 കേന്ദ്ര ബജറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് യാതൊരു സഹായവും അനുവദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടു കാണിച്ച നീതി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോടും പുലര്‍ത്തും എന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പറയുന്ന കാര്യം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് ബജറ്റില്‍ മന്ത്രി പറഞ്ഞു. 1600 രൂപയായി ക്ഷേമപെന്‍ഷന്‍ തുടരും. 60 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപ പെന്‍ഷനായി നല്‍കുന്നതിന് 11000 കോടി രൂപയിലധികമാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ഇതുവരെ പെന്‍ഷന്‍ നല്‍കുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. കൊടുത്തുതീര്‍ക്കാനുള്ള മൂന്ന് കുടിശ്ശികകള്‍ സമയബന്ധിതമായി കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പഴയ ബസ്സുകള്‍ക്ക് പകരം ആധുനിക ഡീസല്‍ ബിഎസ്6 ബസ്സുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 107 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാന സൗകര്യവികസനം, ഡിപ്പോകളുടെയും വര്‍ക്ക്‌ഷോപ്പുകളുടെയും ആധുനിക വല്‍കരണം, ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി 178.96 കോടിയും വകയിരുത്തി. 2011-16 കാലഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് 1220.82 കോടി രൂപയാണ് അനുവദിച്ചതെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2016-21 കാലയളവില്‍ 4923.58 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. തുടര്‍ഭരണത്തിലൂടെ എത്തിയ സര്‍ക്കാര്‍ ഇതുവരെ 6864.22 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചെന്നും 2011-16 കാലയളവിനേക്കാള്‍ 5.6 മടങ്ങും 2026-21നേക്കാള്‍ 1.4 മടങ്ങും അധികമാണിതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കേരളത്തില്‍ ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ?ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നതാണ് പദ്ധതി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുകൊണ്ട് മിതമായ നിരക്കില്‍ വീടുകളില്‍ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താന്‍ കഴിയും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ബജറ്റില്‍ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും മികച്ച പരിഗണന ലഭിച്ചു. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ കോറിഡോറും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 1000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൊല്ലം, കണ്ണൂര്‍, കൊട്ടാരക്കര എന്നിവടങ്ങളില്‍ പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പ്രയോജനപ്പെടുത്തിയാണ് കൊല്ലം നഗരത്തില്‍ ഒരു ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നത്. കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനുമായി ഏര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് രൂപംനല്‍കുകയെന്നും 2025-26ല്‍ ആദ്യഘട്ട പാര്‍ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കൊട്ടാരക്കരയിലെ രവിനഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജനസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് രണ്ടാമത്തെ ഐടി പാര്‍ക്ക് സ്ഥാപിക്കുക. കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്നാണ് ഐ.ടി പാര്‍ക്ക് സ്ഥാപിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന;ക്രമീകരിക്കുമെന്നും ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകള്‍ 50% വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി പറഞ്ഞു. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളില്‍ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെന്‍ഡിങ് സംവിധാനമുള്ള വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും. ബജറ്റ് ഭാവി കേരളത്തിന്റെ വികസനരഖേയായി മാറുമെന്ന് പറഞ്ഞാണ് ധനമന്ത്രി ബജറ്റവതരണം അവസാനിപ്പിച്ചത്. ബജറ്റ് യാഥാര്‍ഥ്യബോധ്യമില്ലാത്തതാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
Content Highlights: kerala budget 2025 kn balagopal
Published: 07 Feb 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented