
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അടുക്കും ചിട്ടയും ഇല്ലാത്ത ബജറ്റ് പ്രസംഗം ആയിരുന്നു ധനമന്ത്രി നടത്തിയതെന്നും കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ബജറ്റാണിതെന്നും മുരളീധരന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
നിരാശ സമ്മാനിച്ച രണ്ടര മണിക്കൂര്‍, ജനങ്ങള്‍ കഷ്ടത്തില്‍
രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം പരിപൂര്‍ണ നിരാശയാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. ഒരു അടുക്കും ചിട്ടയുമില്ലാത്ത ബജറ്റ് പ്രസംഗം ആയിപ്പോയി ഇത്. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ല. ഭൂനികുതി 50% വര്‍ധിപ്പിച്ചത് സാധാരണക്കാരെ കഷ്ടത്തിലാക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും നികുതി വര്‍ധിപ്പിച്ചു. സാധാരണക്കാര്‍ക്ക് ടൂറിസ്റ്റ് ബസിലൊക്കെ സഞ്ചരിക്കാന്‍ ഇനി ഇരട്ടി തുക നല്‍കേണ്ടിവരും. വയനാട് പാക്കേജിന് അനുവദിച്ച തുക വളരെ ചെറുതായിപ്പോയി. 750 കോടി വളരെ കുറഞ്ഞുപോയി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത് തന്നെ 2400 കോടിയാണ്. ഇവിടെ ആകെ നീക്കിവെച്ചിരിക്കുന്നത് 750 കോടി മാത്രമാണ്. ഇതുകൊണ്ട് ഒന്നുമാകില്ല.
ലൈഫ് പദ്ധതിക്ക് 1160 കോടി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 750 കോടി പ്രഖ്യാപിച്ചിട്ട് 25 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ തുക പ്രഖ്യാപിച്ചുവെന്ന് പറയുമ്പോള്‍ ആ തുക തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിരാശ നല്‍കുന്ന ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങാന്‍ തുക നീക്കിവെച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എത്ര തുക ഇതിനായി നീക്കിവെച്ചു. മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസും ഇലക്ട്രിക് ആക്കുമെന്നായിരുന്നല്ലോ മുന്‍ ബജറ്റിലെ പ്രഖ്യാപനം. യാഥാര്‍ഥ്യ ബോധം അംഗീകരിച്ചുകൊണ്ടുള്ള ബജറ്റാണെന്ന് ചിലര്‍ പറയുന്നുണ്ട്. അത് ശരിയാണ്, കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ട് കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള നിർദേശങ്ങളില്ല.
കിഫ്ബി ടോള്‍ ഞങ്ങള്‍ അനുവദിക്കില്ല
കിഫ്ബി പ്രഖ്യാപിച്ച ഒരു ജോലിയും ഇനി മര്യാദയ്ക്ക് നടത്താന്‍ കഴിയില്ല. കാരണം ടോള്‍ പിരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ഞങ്ങള്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ല. കിഫ്ബി പദ്ധതികള്‍ ടോള്‍ പിരിക്കുന്ന പദ്ധതിയായി മാറുകയാണ്. ഇതുകൊണ്ട് ജനത്തിനെന്ത് പ്രയോജനം. ജങ്ഷന്‍ വികസനം വന്നിട്ട് അതിലൂടെ കടന്നുപോകാന്‍ ദിവസവും ടോള്‍ കൊടുക്കേണ്ടി വന്നാല്‍ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത്.ഇതുപോലുള്ള പ്രശ്‌നങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും.
ഭൂനികുതിയുടെ ഞങ്ങള്‍ സമരത്തിനിറങ്ങും. കിഫ്ബി ടോള്‍ പിരിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല. ഞങ്ങളുടെ കാലത്തും റോഡും പാലവും ഒക്കെ പണിതിട്ടുണ്ടല്ലോ. ഈ സംസ്ഥാനത്ത് പണിത പാലങ്ങളൊക്കെ കിഫ്ബിയാണോ ചെയ്തത്. പണ്ട് ടോള്‍ പിരിക്കില്ല എന്നൊക്കെയാണ് തോമസ് ഐസക് പറഞ്ഞത്. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഭരണം മാറുമെന്ന് അദ്ദേഹം കരുതി. പക്ഷേ, സാഹചര്യവശാല്‍ തുടര്‍ഭരണമുണ്ടായി. ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല.
ഇടതുപക്ഷത്തിന്റെ നയം മാറിയിരിക്കുകയാണ്. കിഫ്ബിക്ക് ബദല്‍ ഞങ്ങള്‍ നിര്‍ദേശിക്കേണ്ടതില്ല. പഴയ സിസ്റ്റം തന്നെയാണ് നല്ലത്. തോമസ് ഐസക് ആദ്യം മന്ത്രിയായിരുന്നപ്പോള്‍ കിഫ്ബി ഉണ്ടായിരുന്നോ? ഇത് രണ്ടാമത് അദ്ദേഹം കൊണ്ട് വന്നതല്ലേ. കിഫ്ബിയിലെ ഉദ്യോഗസ്ഥര്‍ക്കൊക്കെ ശമ്പളം കൊടുക്കണമല്ലോ. കിഫ്ബി കൊണ്ട് ഒരു പ്രയോജനവുമില്ല. എന്തുപറഞ്ഞാലും കിഫ്ബി എന്ന് പറയും. ഇന്നിപ്പോള്‍ കിഫ്ബി എന്നാല്‍ ടോള്‍ ആണ്. നിരാശയുണ്ടാക്കിയ ഈ ബജറ്റിനെതിരെ അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും.
Content Highlights: Congress leader K Muraleedharan slams Kerala`s budget 2024, citing lack of pension hike and increase
Published: 07 Feb 2025, 03:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented