സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീൽ അനുവദിച്ചതുവഴി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിലെത്തിയത് 30 ലക്ഷം രൂപ. ശനിയാഴ്ച രാത്രി വരെ 402 അപ്പീലാണ് അനുവദിച്ചത്. ഒാരോ അപ്പീലിനും 10,000 രൂപ കെട്ടിവയ്ക്കണമെന്നാണു ചട്ടം. ഇതിൽ 101 അപ്പീലിന് കെട്ടിവച്ച പണം തിരികെ നൽകി. ബാക്കി 30.1 ലക്ഷം രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുണ്ട്. നിലവിൽ അപ്പീൽ സെക്‌ഷനിലുള്ള പണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിലേക്കു മാറ്റും. പ്ലാൻ ഫണ്ട് കുറവായതിനാൽ, ഫലത്തിൽ കലോത്സവ നടത്തിപ്പിനുതന്നെയാകും ഈ തുകയും ചെലവഴിക്കുക.

To advertise here,

എ ഗ്രേഡ് കിട്ടുന്നതിനുപുറമേ മത്സരാർഥിയുടെ ജില്ലയിൽ ഒന്നാംസ്ഥാനം നേടിയ കുട്ടിക്കോ ടീമിനോ ലഭിക്കുന്നതിനേക്കാൾ മാർക്ക് കിട്ടുകയും ചെയ്താലേ കെട്ടിവച്ച 10,000 രൂപ മടക്കിക്കൊടുക്കൂ.

ഇതുവരെ അനുവദിച്ച 402 അപ്പീലിൽ 2,432 കുട്ടികളാണു മത്സരിച്ചത്. ഇത്തവണ 339 അപ്പീൽ വന്നത് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ (ഡിഡി) മുഖേനയാണ്. കോടതിവഴി 49 എണ്ണവും ബാലാവകാശ കമ്മിഷൻ വഴിയും മറ്റും 14 എണ്ണവുമെത്തി. ഹൈസ്കൂൾ വിഭാഗം - 176, എച്ച്എസ്എസ് - 208, സംസ്കൃതോത്സവം - ഒൻപത്, അറബിക് കലോത്സവം -ഒൻപത് എന്നിങ്ങനെയാണ് അപ്പീൽക്കണക്ക്.

കൂടുതൽ അപ്പീൽ വന്നത് തലസ്ഥാന ജില്ലയിൽ നിന്നാണ് - 59 എണ്ണം. 58 അപ്പീലുമായി കോഴിക്കോട് ജില്ല തൊട്ടുപിന്നിലുണ്ട്. ആതിഥേയരായ തൃശ്ശൂർ 48 അപ്പീലുമായി മൂന്നാംസ്ഥാനത്താണ്. ഇടുക്കിയിൽനിന്നാണ് ഏറ്റവും കുറച്ച് അപ്പീൽ വന്നത് -12 എണ്ണം.

അപ്പീലിന്റെ എണ്ണത്തിൽ ഇത്തവണ സംഘനൃത്തവും ഒപ്പനയുമായിരുന്നു മുന്നിൽ. രണ്ടിനങ്ങളുടെയും ഹൈസ്കൂൾ വിഭാഗത്തിൽ 13 അപ്പീലും ഹയർ സെക്കൻഡറി വിഭാഗത്തിൽ 12 എണ്ണവും വന്നു. കഴിഞ്ഞതവണ ആകെ 325 അപ്പീലേ ഉണ്ടായിരുന്നുള്ളൂ.