തിരുവനന്തപുരം: യേശുദാസ് ജലദോഷം പിടിച്ച ശബ്ദത്തില്‍ പാടിയ പാട്ടിന്റെ കഥ ശ്രീകുമാരന്‍ തമ്പി, പറഞ്ഞപ്പോള്‍ മാളവികയും ഭരത് കൃഷ്ണയും ചേച്ചി ദേവീകൃഷ്ണയും വിസ്മയത്തോടെ കേട്ടിരുന്നു. റസ്റ്റ് ഹൗസ് എന്ന സിനിമയുടെ പൂജാ ദിവസമായിരുന്നു റെക്കോര്‍ഡിങ്. കടുത്ത ജലദോഷത്താല്‍ ശബ്ദം തന്നെ മാറിയ യേശുദാസ്, പാടാന്‍ വരണോ എന്ന് തിരക്കി. ദാസിന്റെ ജലദോഷ ശബ്ദം, സിനിമാഗാന ചരിത്രത്തില്‍ ഇടം പിടിക്കട്ടെ എന്ന് തമ്പിയും കൂട്ടരും നിലപാടെടുത്തു.

അങ്ങനെ 'പൂര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു...' എന്ന പാട്ട് പിറന്നു. ജലദോഷം മാറിയ ശേഷം വേണമെങ്കില്‍ വീണ്ടും റെക്കോര്‍ഡ് ചെയ്യാമെന്ന് യേശുദാസ് പറഞ്ഞെങ്കിലും തങ്ങള്‍ അനുവദിച്ചില്ലെന്ന് ശ്രീകുമാരന്‍ തമ്പിയില്‍ നിന്ന് കേട്ട കുട്ടികള്‍, തങ്ങളെത്തിയത് സിനിമയിലെ മഹാവൃഷത്തിന്റെ തണലിലാണെന്ന് അനുഭവച്ചറിയുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വയലിനില്‍ എ ഗ്രേഡ് നേടിയ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ് എസിലെ ഭരത് കൃഷ്ണ, ചേച്ചിയും പ്രൊഫഷണല്‍ വയലിനിസ്റ്റുമായ ദേവീകൃഷ്ണ, ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം പദ്യംചൊല്ലല്‍, ഉറുദു സംഘഗാനം എന്നിവയില്‍ എ-ഗ്രേഡ് നേടിയ പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ മാളവിക എ.വാരിയര്‍ എന്നിവരാണ് ശ്രീകുമാരന്‍ തമ്പിയെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്.

To advertise here,

പേയാട്ടെ കരിമ്പാലേത്ത് വീട്ടില്‍, പുരസ്‌കാരങ്ങള്‍ നിറഞ്ഞ സ്വീകരണമുറിയില്‍ ശ്രീകുമാരന്‍ തമ്പിക്കു മുന്നില്‍ ഭരത് കൃഷ്ണ , അദ്ദേഹമെഴുതിയ 'ഒന്നാം രാഗം പാടി ..... 'എന്ന പാട്ട്  അനുമതിയോടെ വയലിനില്‍ വായിച്ചു തുടങ്ങി. ദേവീ കൃഷ്ണയും മാളവികയും  ഒപ്പം പാടി. കലോത്സവ കുട്ടികളില്‍ നിന്ന് അപ്രതീക്ഷിതമായി ഇങ്ങനൊരു സുന്ദര നിമിഷം കിട്ടിയതില്‍ അതീവ സന്തോഷവനായ അദ്ദേഹം മൂന്നു പേരുടെയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയില്‍ അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ 'ചുംബനപ്പൂ കൊണ്ടു മൂടി...' എന്ന പാട്ട് തനിക്കേറെ ഇഷ്ടമാണെന്ന് മാളവിക പറഞ്ഞപ്പോള്‍, ആ പാട്ടിന്റെ ജീവനായ ചാരുകേശി രാഗത്തെ കുറിച്ചായി ചര്‍ച്ച. 
തന്റെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ 'അകലെ അകലെ നീലാകാശം ......'  എന്ന ഗാനവും ചാരുകേശിയാണെന്ന് ശ്രീകുമാരന്‍ തമ്പി കുട്ടികളോട് വിവരിച്ചു. തമ്പി സാറിന്റെ ഒരു കവിത അദ്ദേഹത്തിന് മുന്നില്‍ ചൊല്ലണമെന്ന്  മാളവിക ആഗ്രഹം പറഞ്ഞപ്പോള്‍ പൂര്‍ണ സമ്മതം. 'സബര്‍മതിയിലെ പൂക്കള്‍ 'എന്ന കവിത ചൊല്ലിയപ്പോള്‍ , അതെഴുതിയത് തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.

തമ്പിയുടെ തൂലികയില്‍ പിറന്ന 'തണ്ണീര്‍പ്പന്തലില്‍ നിന്നൊരു ഗാനം' എന്ന കവിത യു ട്യൂബിന്‍ കണ്ണൂര്‍ സ്വദേശിയായ അധ്യാപകന്‍ പ്രശാന്ത് കൃഷ്ണന്‍ പാടിയിരിക്കുന്നത് സ്വന്തം ഫോണില്‍ നിന്ന് അദ്ദേഹം മാളവികയെ കേള്‍പ്പിച്ചു. തകഴിയിലാണ് വീടെന്ന് ദേവീ കൃഷ്ണ പറഞ്ഞപ്പോള്‍ ദക്ഷിണാമൂര്‍ത്തിയുടെ സ്വന്തം നാട്ടുകാരി എന്ന് അഭിമാനിക്കണമെന്ന് തമ്പി.

പിന്നീട് ' എന്‍ മന്ദഹാസവും ...,,, 'താരക രൂപിണിയും........ '  'ഹൃദയസരസിലെ പ്രണയ പുഷ്പവും...... ' 'ഉത്തരാ സ്വയവരവും......: അടങ്ങുന്ന ഒരുപിടി ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ഹിറ്റുകളുടെ തുടക്ക വരികള്‍ രചയിതാവില്‍ നിന്ന് തന്നെ കേള്‍ക്കാനുള്ള ഭാഗ്യം കുട്ടികള്‍ക്കുണ്ടായി.

സന്തോഷത്തിന്റെ ഒരു മണിക്കൂര്‍ കഴിഞ്ഞിറങ്ങമ്പോള്‍ മൂന്നു പേര്‍ക്കും ഓരോ സമ്മാനപ്പൊതി തമ്പി സാര്‍ വക. വിത്തുകളും മിഠായികളും അടങ്ങിയ പൊതി നല്‍കിയ ശേഷം ഒരു ഉപദേശം. ഇതില്‍  കുറേ ജീവനുകള്‍ ഉദിക്കാനിരിക്കുന്നു. അത് നിങ്ങള്‍ സാധ്യമാക്കണം.

മാതൃഭൂമി അക്ഷരോത്സവമായ 'ക-ഫെസ്റ്റിവല്‍ ' മഹത്തായ ഒരു സാംസ്‌കാരിക പരിപാടിയാണെന്നും അത് നിങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കുട്ടികളെ  ഓര്‍മിപ്പിച്ചു. ഇക്കൊല്ലത്തെ ഉത്സവത്തിനും താന്‍ കനകക്കുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.