തിരുവനന്തപുരം: പ്രമുഖ മിമിക്രി കലാകാരനായ പ്രകാശ് പേട്ട വൈദ്യർ ജില്ലാ, സംസ്ഥാന കലോത്സവവേദികളിൽ സ്ഥിരമായി എത്താറുണ്ട്. സ്കൂൾ കലോത്സവത്തിലൂടെ കലാജീവിതം ആരംഭിച്ച പ്രകാശിന് ഇത്തവണത്തെ കലോത്സവം വളരെ പ്രത്യേകതകൾ ഉള്ളതായിരുന്നു. ഒരുകാലത്ത് താൻ നിറഞ്ഞാടിയ വേദിയിൽ മകൾ ചിലങ്കയണിഞ്ഞത് സദസിലിരുന്ന് ആവോളം ആസ്വദിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം ഇത്തവണ കലോത്സവനഗരി വിട്ടത്.

To advertise here,

പേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പൂജാദശമി കേരള നടനത്തിനായി സ്റ്റേജിൽ കയറിയപ്പോൾ പിതാവ് പ്രകാശ് വൈദ്യർ ഏറെ അഭിമാനത്തോടെയാണ് സദസ്സിലിരുന്നത്. തന്റെ മൂന്നു പതിറ്റാണ്ടായുള്ള കലാജീവിതത്തിന്റെ തുടക്കം കലോത്സവത്തിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 1994 മുതൽ 2000 വരെയുള്ള കാലയളവിലാണ് പ്രകാശ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായത്. സംസ്ഥാനതലത്തിൽ മിമിക്രിയിൽ ആറു വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയതും ഭരതനാട്യം, നാടോടിനൃത്തം, മോണോ ആക്ട് ഇനങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയതും അദ്ദേഹം ഓർത്തെടുത്തു.

മിമിക്രി ഉൾപ്പെടെയുള്ള തന്റെ പ്രിയപ്പെട്ട ഇനങ്ങൾ കലോത്സവവേദികളിൽ കണ്ട് ആസ്വദിക്കുന്നതിന് സമയം കണ്ടെത്താറുണ്ടെന്നും പ്രകാശ് പറഞ്ഞു. മക്കളുടെ കലാപരമായ ജീവിതത്തിന് തന്നാൽ കഴിയുംവിധം പ്രോത്സാഹനം നൽകാറുണ്ടെന്നും കലയാണ് ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന കലോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാന നിർണയവും കലാതിലകം കലാപ്രതിഭ പട്ടങ്ങളും വീണ്ടും വരണമെന്നാണ് ആഗ്രഹമെന്നും കുട്ടികളുടെ കഴിവിനനുസരിച്ചുള്ള പ്രോത്സാഹനം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പ്രകാശ് പറയുന്നു.

തിരുവനന്തപുരം പേട്ട സ്വദേശിയായ പ്രകാശ് ഒട്ടുമിക്ക മലയാള ചാനലുകളിലും കോമഡി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതലായി സ്റ്റേജ് പ്രോഗ്രാമുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.