
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് പരീക്കുട്ടിയും ബാപ്പുട്ടിയും ഇക്കോരനും മായനും കേശവപിള്ളയും അത്രാം കണ്ണുമെല്ലാം വിശ്രമിക്കാനൊരിടം തേടിയ തറവാട്ടിലേക്കായിരുന്നു ഈ യാത്ര. മലയാള സിനിമ നമ്രശിരസ്‌കയായി നടന്നുകയറുന്ന തറവാട്ടിലേക്ക്.
സമയം നാലുമണിയോടടുക്കുന്നു. നടന്‍ മധുവിന്റെ കണ്ണന്‍ മൂലയിലെ ശിവസദനം ഉണര്‍ന്നിട്ടേയുള്ളു. ക്യാറയ്ക്കു മുന്നില്‍ തെല്ലും വിശ്രമമില്ലാതെ തുടര്‍ന്ന ജീവിതത്തിന്റെ മധ്യകാലത്ത് അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയ ദിനചര്യ.
പൂമുഖത്തിനുള്ളിലെ വിശാലമായ നടുമുറിയില്‍ മധുവെന്ന അതികായന്റെ കാലുകള്‍. മലയാള സിനിമ തേടിയെത്തിയ ആ പാദങ്ങള്‍ വിശ്രമത്തിലാണ്. ഷര്‍ട്ടിന്റെ കുടുക്കുകള്‍ ശരിയാക്കുന്ന സഹായിക്ക് മുന്നില്‍ ഷൂട്ടിങ് ലൊക്കേഷനിലെന്ന പോലെ ക്ഷമയോടെ അദ്ദേഹമിരുന്നു. തൊട്ടടുത്തായി താങ്ങായും തണലായും ചേര്‍ത്തുനിര്‍ത്തുന്ന വോക്കറും ആ കാഴ്ച നോക്കിനിന്നു, നിവര്‍ന്നു നിന്നാല്‍ ചേര്‍ത്തുനിര്‍ത്താന്‍.
കലോത്സവത്തില്‍ മോണോ ആക്ട് മത്സരത്തിനെത്തിയ കൊല്ലം സ്വദേശി മാധവിയും വയനാട്ടുകരനായ ഹനിന്‍ അഹമ്മദും അദ്ദേഹത്തിന്റെ ഒരു വിളിപ്പാടകലെ വാതിലോരം ചേര്‍ന്നു നിന്നിരുന്നു, കഥ പറയാന്‍ കാത്തുനിന്ന സിനിമാക്കാരെപ്പോലെ,
നീലാകാശ വിരിപ്പുപോലെ ഇളം നീല ഷര്‍ട്ടായിരുന്നു വേഷം. ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന മേഘത്തുണ്ട് കണക്കെ ആ മുഖം തിളങ്ങി. പ്രായത്തിന്റെ വെള്ളിനാരുകള്‍ മുഖത്തും തലയിലും അലസമായി ഇളകി.
ഉമ്മറത്ത് വാതില്‍ മറയില്‍ പകുതി മറഞ്ഞ മുഖങ്ങള്‍ക്ക് നേരെ അദ്ദേഹം കണ്ണയച്ച് മൗനാനുവാദം നല്‍കി. കുട്ടികള്‍ അരികിലെത്തിയപ്പോള്‍ കനത്തു തൂങ്ങിയ കണ്‍പോളകള്‍ക്കുള്ളിലെ പളുങ്കുമണികളാകുന്ന കണ്ണുകളില്‍ വാത്സല്യക്കടല്‍ അലയടിച്ചു.
ഉള്ളിലുറഞ്ഞ ആശങ്കയോടെ അദ്ദേഹത്തിന് മുന്നിലെത്തി കുട്ടികള്‍ കൈകൂപ്പി. ഒരായിരം സിനിമകളിലേക്ക് നടന്നു തളര്‍ന്ന ആ പാദങ്ങളിലേക്ക് വിരല്‍ത്തുമ്പ് തൊട്ട് അനുഗ്രഹത്തിനായി ശിരസ് നമിച്ചപ്പോള്‍ മലയാള സിനിമയിലെ ഇതിഹാസകരങ്ങള്‍ അവരിലേക്ക് നീണ്ടു. നിലത്തിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇരുവരെയും കൈയെടുത്ത് വിലക്കി. ഉടന്‍ തനിക്കരികിലേക്ക് കൈനീട്ടി ചേര്‍ത്തണച്ചു. മലയാള സിനിമയിലെ ഗിരിശൃംഖത്തിന് ചുവട്ടിലെ മഞ്ഞുതുള്ളികള്‍ കണക്കെ അവര്‍ പറ്റി നിന്നു.
ഞങ്ങള്‍ കലോത്സവത്തിന് വന്നതാണ് - മാധവി പറഞ്ഞു. ഏതിലൊക്കെ പങ്കെടുത്തു? വിരല്‍ ചേര്‍ത്തുപിടിച്ച് മഹാനടന്‍ ചോദിച്ചു. ഇരുവരുടെയും ഒന്നിച്ചുള്ള മറുപടി ഉടനെത്തി, മോണോ ആക്ട്.
സമ്മാനമൊക്കെ കിട്ടിയോ?
എ ഗ്രേഡ് ഉണ്ട് മാധവി പറഞ്ഞു. ഇതിനിടെ ഹനിന്‍ ഒരു കുട്ടിത്താരമാണെന്നറിഞ്ഞപ്പോള്‍ സിനിമയേതാന്ന് തിരക്കി. ഒരു പാട് സിനിമകള്‍ക്ക് സാക്ഷ്യം വഹിച്ച അകത്തളം വീണ്ടുമൊരു സിനിമാ സദസായി മാറി.
'എനിക്കീ മോണോ ആക്ട് മാത്രമേയുള്ളു സര്‍, ഞാന്‍ സിനിമയിലൊന്നും ഇല്ല' - മാധവിയുടെ കൗണ്ടര്‍. സാറിനെ കാണാനായി വന്നതാണ് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. മാധവിയുടെ ആവേശവും ഉത്സാഹവും അദ്ദേഹത്തിന്റെ ചുണ്ടില്‍ ചിരി പടര്‍ത്തി. മാധവിക്ക് ഹസ്തദാനം നല്‍കി ഓള്‍ ദി ബെസ്റ്റും പറഞ്ഞു. പിന്നീട് സിനിമകളെക്കുറിച്ചായി സംസാരം. ഇതിനിടെ പേരക്കുട്ടികളോടുള്ള മുത്തശ്ശന്റെ കരുതലെന്നോണം ,
കുട്ടികള്‍ വന്നത് കണ്ടില്ലേ , എന്തെങ്കിലും മധുരം നല്‍കൂ...
കൂടെയുള്ള സഹായിക്ക് നിര്‍ദ്ദേശം. പൊന്നിന്റെ നിറമുള്ള കടലാസ് പൊതി തുറന്ന് മഹാനടന്‍ നല്‍കിയ സ്‌നേഹമധുരം നുണഞ്ഞ് ഇരുവരും മുത്തശ്ശന് യാത്ര പറഞ്ഞു.
പിരിയാന്‍ നേരം ചെമ്മീനിലെ പരീക്കുട്ടി കറുത്തമ്മയോടെന്ന പോലെ ഹനിന്റെ വക സ്വകാര്യം, പിരിയാന്‍ തോന്നുന്നില്ല സാറേ...
എവിടെയോ ഉള്ളിലടക്കിയ ചിരി പിടിവിട്ട് ഹനിന്റെ കൈയിലേക്ക് പിടി വീണു. അതിന് പിരിയണമെന്ന് ഞാനും പറയുന്നില്ല മോനേ... ഹനിന്റെ കൈയില്‍ തലോടി അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കും നേരെ മിഴിയയച്ച് അദ്ദേഹം പറഞ്ഞു മംഗളം നേരുന്നു ഞാന്‍...
Content Highlights: Madhu Malayalam Cinema legend actor Kalotsavam humility kindness heartwarming story
Published: 07 Jan 2025, 08:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented