
തിരുവനന്തപുരം: വേഷം കൊണ്ടും താളം കൊണ്ടും അവതരണം കൊണ്ടും മികവ് പുലര്‍ത്തി ദഫ്മുട്ട് സംഘം കയ്യടി നേടിയപ്പോള്‍ തന്റെ ശിഷ്യസംഘത്തിനൊപ്പം സദസ്സില്‍ ദഫ്മുട്ട്, അറബനമുട്ട് പരിശീലനരംഗത്ത് സജീവസാന്നിധ്യമായ കോയ കാപ്പാടുണ്ടായിരുന്നു.
കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ദഫ്മുട്ടും. മുസ്ലിം വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങിനിന്ന ദഫ്മുട്ട് എന്ന കലയെ 1977ല്‍ പൊതുവേദികളിലേക്ക് എത്തിച്ചതും 1992ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ മാനുവലില്‍ എത്തിച്ചതിന് പിന്നിലും ആലസ്സം വീട്ടില്‍ അഹ്മദ് കുട്ടി മുസ്ലിയാരുടെ പ്രയത്നമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനും കുടുംബത്തിലെ നാലാം തലമുറയിലെ കണ്ണിയുമായ കോയ കാപ്പാടിന് കലോത്സവവേദിയുമായി മൂന്നു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ജനകീയമാക്കുകയാണ് ലക്ഷ്യമെന്നും വിദേശ രാജ്യങ്ങളിലുള്‍പ്പെടെ പരിശീലനം നല്‍കുന്നുണ്ടെന്നും കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ കോയ കാപ്പാട് പറഞ്ഞു.
1992 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ട് ഉള്‍പ്പെടുത്തിയെങ്കിലും പിതാവ് വിധികര്‍ത്താവ് ആയിരുന്നതിനാല്‍ പരിശീലകനായി വേദിയിലെത്താൻ കോയ കാപ്പാടിന് സാധിക്കുമായിരുന്നില്ല. പിന്നീട് 1994 ല്‍ പിതാവ് സ്വമേധയാ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്നും പിന്മാറിയതോടെ അദ്ദേഹം പരിശീലിപ്പിച്ച മത്സരാര്‍ഥികള്‍ കലോത്സവ വേദിയിലെത്തി തുടങ്ങി. പിന്നീട് എല്ലാ സംസ്ഥാന കലോത്സവ വേദിയിലും കോയാ കാപ്പാടിന്റെ ശിഷ്യരെത്തി തുടങ്ങി. മൂന്ന് പതിറ്റാണ്ടിന്റെ കലോത്സവ പാരമ്പര്യവുമായി കലോത്സവവേദിയില്‍ കോയ കാപ്പാട് എത്തുമ്പോള്‍ ഇപ്പോള്‍ മുന്‍ ശിഷ്യന്മാരും പരിശീലകരായി ഒപ്പമുണ്ട്.
1953 ല്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദഫ്മുട്ടിലും അറബനമുട്ടിലും കോയ അരങ്ങേറ്റം കുറിക്കുന്നത്. 143 വര്‍ഷമായി കുടുംബത്തില്‍ ദഫ്മുട്ടിലും അറബനമുട്ടിലും പരിശീലനം നല്‍കുന്നത് മുടങ്ങിയിട്ടില്ല. തലമുറ തലമുറയായി ഈ പൈതൃക സമ്പത്ത് കൈമാറി വരുന്നു. മൂന്ന് പതിറ്റാണ്ടുകളായി തനിക്ക് ലഭിച്ച ശിഷ്യഗണങ്ങളാണ് തന്റെ ബലമെന്നും നിസാര്‍ കാപ്പാട്, സജാദ് വടകര ഉള്‍പ്പെടെയുള്ള ഫെലോഷിപ്പ് ആര്‍ട്ടിസ്റ്റുകളാണ് തനിക്ക് ഒപ്പമുള്ളതെന്നും നെടുംതൂണായി അവരുള്ളപ്പോള്‍ തനിക്ക് എങ്ങും പോകുന്നതിന് ഭയമില്ലെന്ന് അദ്ദേഹം പറയുന്നു.
ദഫ് ആസ്വാദനത്തിന് മാത്രമുള്ളതല്ല ഇത് ഒരു സംസ്‌കാരത്തന്റെ ഭാഗമാണ്, സ്‌നേഹവും സേവനവുമെല്ലാം കലയിലുണ്ട്. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഇളംതലമുറ മുന്നോട്ട് വരേണ്ടതുണ്ട്. ഒരിക്കല്‍ മത്സരാര്‍ഥിയായിരുന്നവര്‍ ഇപ്പോള്‍ അധ്യാപകരായി മുന്നിലുള്ളത് ഒരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
പഠനകാലമത്രയും ഗുരുനാഥന്റെ ശിക്ഷണത്തില്‍ കലോത്സവ വേദിയിലെത്താന്‍ സാധിച്ചിട്ടുണ്ട്. കേവലം പത്തുമിനിറ്റ് പ്രകടനമെന്നതിന് അപ്പുറം അതിന്റെ ജീവാംശമാണ് ഗുരുനാഥൻ പകര്‍ന്നു നല്‍കിയത്. മത്സരാര്‍ഥിയായിരുന്നപ്പോഴുണ്ടായിരുന്നു സന്തോഷവും അത്ഭുതവുമാണ് ഇപ്പോഴുമുള്ളത്. നിസാര്‍ കാപ്പാട് പറയുന്നു. മത്സരത്തിനപ്പുറം ഭാവിയില്‍ നല്ല ഒരു തലമുറയുമായി നീതിബോധത്തോടെ വളര്‍ത്തിയെടുക്കുന്നതിനും കലയ്ക്ക് വലിയ പങ്കുണ്ടെന്ന് സജാദ് വടകര പറഞ്ഞു.
Content Highlights: Koya Kappad has disciples like the sea in Daffmuttu and Arabanamuttu
Published: 06 Jan 2025, 08:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented