തിരുവനന്തപുരം: നാടകവേദിയിൽ കയറി വയനാട് വെള്ളാർമലയിലെ അമൽ ജിത്തും കൂട്ടുകാരും അഭിനയിച്ചില്ല. തകഴിയുടെ വെളളപ്പൊക്കത്തിൽ എന്ന കഥയിലൂടെ ജീവിക്കുകയായിരുന്നു അവർ. അനുഭവിച്ചറിഞ്ഞ ജീവിതത്തോളം വരില്ലല്ലോ മറ്റൊരു കഥയും. 

To advertise here,

നെഞ്ചകം പിളർത്തിയ ഉരുൾപ്പൊട്ടലിന്റെ ഓർമയിൽ, വെള്ളാർമല ജി.വി.എച്ച്.എസ്.എസ്സിലെ നാടക സംഘത്തിന് മുന്നിലിരുന്ന് സദസ്സ് പലകുറി കണ്ണു തുടച്ചു. ആ കുട്ടിക്കൂട്ടത്തിന് ഇതൊരു വീണ്ടെടുപ്പാണ്. ഈ നാടകം അവരെ വല്ലാതെ മാറ്റിക്കളഞ്ഞു. ചിരിയും കളിയും അവരിലേക്ക് തിരിച്ചെത്തി. "ഞങ്ങൾക്കിത് മതി, ഇതുമാത്രം" - ഉണ്ണികൃഷ്ണൻ മാഷ് എ ഗ്രേഡിന് കാത്തു നിൽക്കുന്നില്ല. 

പ്രളയത്തിൽ ഉടമ ഉപേക്ഷിച്ചുപോയ നായയുടെ വേഷമിട്ട അമൽ ജിത്തിനെ എത്രയെത്ര പേരാണ് വാരിപ്പുണർന്നത്. മണ്ണിൽ പുതഞ്ഞു കിടന്ന അവന് രണ്ടാം ജന്മം നൽകിയ അച്ഛൻ ബൈജുവിനത് ആഹ്ലാദക്കാഴ്ചയായി. വേദിയിൽ നായയായി 'ജീവിക്കുമ്പോൾ' ഉരുൾപൊട്ടൽ തട്ടിപ്പറിച്ച ബ്രൗണിയും ബ്ലാക്കിയുമാകും അമലിന്റെ മനസ്സിൽ നിറഞ്ഞിട്ടുണ്ടാകുക. ആ അരുമകളിൽ നിന്നാണല്ലോ അവൻ നായയുടെ ചലനങ്ങളോരോന്നും പഠിച്ചത്. 

അജയൻ രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്ത നാടകത്തിൽ അയാൻ, നിരഞ്ജൻ, അൻസിൽ, സായൂജ്, അനന്യ, വൈഗ, നിവേദിത, അർച്ചന, അനൂഷ് എന്നിവരും കയ്യടി വാങ്ങി. തിരശ്ശീല വീഴുമ്പോൾ നാടകത്തിനൊപ്പം കാണികളും ഏറ്റുപാടി: 

"അതിജീവനമീ ജീവിതം,
ഞങ്ങൾ ഉയർന്നെണീറ്റു വരുന്നു..."