തിരുവനന്തപുരം: ആ പൊട്ടക്കുളത്തില്‍ നിന്ന് കുട്ടികള്‍ ഇടതടവില്ലാതെ കൂരമ്പുകള്‍ തൊടുത്തു വിട്ടു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നെഞ്ചകം പിളര്‍ക്കുന്ന പരിഹാസ ശരങ്ങളായിരുന്നു ഓരോന്നും.

To advertise here,

ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച 'C/o പൊട്ടക്കുളം' ആണ് വേദിയില്‍. സദസ്സിനായി കുട്ടികളുടെ സമ്മാനിച്ചത് ഒന്നാന്തരം ആക്ഷേപഹാസ്യ നാടകം. 

 പൂശാലയ്ക്കല്‍ തറവാട്ടിലെ വിവാഹവുമായി ബന്ധപ്പെടുത്തി മനുഷ്യലോകത്തിലെ മണ്ടത്തരങ്ങള്‍ പരസ്യമാക്കുകയാണ് നാടകം. ജ്യോതിഷ വിദഗ്ധനായ പണിക്കര്‍ മാഷ് ജാതകം ഗണിച്ചു പറയുന്നത് പൂശാലയ്ക്കലെ ജിംനേഷിന് ആദ്യ ഭാര്യ നിലനില്‍ക്കില്ല എന്നതാണ്. ജാതകവശാല്‍ മരണം വരിക്കുമത്രേ. പരിഹാരമായി പറഞ്ഞത് ഒരു ജീവിയെ കല്യാണം കഴിക്കാന്‍. അങ്ങനെ വയലിലെ തവള ആ കുടുംബത്തിലേക്കെത്തുന്നു. പിന്നീടുള്ള മണ്ടത്തരം നിറഞ്ഞ ജീവിതത്തിലൂടെ നാടകം കടന്നുപോകുന്നു. 

ഇതേ സ്‌കൂളിലെ ശിവദാസ് പൊയില്‍ക്കാവാണ് രചനയും സംവിധാനവും. മകള്‍ ദലയാണ് പൊട്ടക്കുളത്തില്‍ അന്ധവിശ്വാസികളായ മനുഷ്യര്‍ക്കിടയില്‍ വന്നുപെട്ട തവളയുടെ വേഷമിട്ടത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ പുരുഷു പ്പൂച്ചയെ അവതരിപ്പിച്ച് മികച്ച നടിയായിരുന്നു. ഇത്തവണ കോഴിക്കോട് ജില്ലയിലും മികച്ച നടിയാണ്.  

അര്‍ജുന്‍ ബാബു, ശിവാനി ശിവപ്രകാശ്, എം. ശ്രീപാര്‍വതി, പി.എസ്. ലക്ഷ്മിപ്രിയ, ടി.വി. ആയിഷ ഹെബാന്‍, സി. മുഹമ്മദ് ഷാദിന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വി. വിശാല്‍, എസ്. ഹരിശങ്കര്‍, ലിയാന ബീവി എന്നിവര്‍ പിന്നരങ്ങിലും.