
വേദിയിൽ മകൻ കൃഷ്ണനുണ്ണി ഏകാഭിനയം തകർക്കുമ്പോൾ പരിഭ്രമിച്ചത് അച്ഛൻ ശ്രീഹരിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് താൻ വേദിയിൽ കയറുമ്പോൾ യാതൊരു വിധ ആശങ്കകളും ഉണ്ടായിരുന്നില്ലെങ്കിലും മകൻ വേദിയിൽ കയറിയപ്പോൾ അച്ഛന്റെ കൈകൾ വിറച്ചു... കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു... മോണോ ആക്ട് പൂർത്തിയാക്കി തിരശ്ശീല താഴുമ്പോൾ സദസ്സിൽ നിന്ന് ഉയർന്ന കൈയ്യടി ആ അച്ഛന്റെ കണ്ണുകളെ ഈറനണിയിച്ചു.
36 ാമത് സംസ്ഥാനതല കലോത്സവ നഗരിയിലെ താരം കലാപ്രതിഭയായ ശ്രീഹരിയായിരുന്നെങ്കിൽ വർഷങ്ങൾക്കിപ്പുറം ആ വിജയം അടയാളപ്പെടുത്തുകയാണ് മകൻ കൃഷ്ണനുണ്ണിയും. 62 ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്ട് മത്സരത്തിൽ എ ഗ്രേഡയോടെയാണ് ശ്രീഹരിയുടെ മകൻ കൃഷ്ണനുണ്ണി വേദിയിൽ നിന്ന് മടങ്ങിയത്.
പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.എച്ച്എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണനുണ്ണി മത്സരാർഥിയായി ആദ്യമായാണ് സംസ്ഥാന തല കലോത്സവ നഗരിയിൽ. ശ്രീഹരി സ്ഥിരം സംസ്ഥാന കലോത്സവത്തിന് എത്താറുണ്ടെങ്കിലും ഇത്തവണ മകന്റെ പ്രകടനം ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു. ചെറു പ്രായത്തിൽ തന്നെ അച്ഛനൊപ്പം സംസ്ഥാന കലോത്സവ വേദികളിൽ പോയിട്ടുണ്ടെങ്കിലും ആ ഓർമ്മകൾ ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ഇനി അങ്ങോട്ട് തന്റെ ഓർമകളിൽ കലോത്സവ നഗരിയുടെ ആവേശവും ഉണ്ടാകുമെന്ന് കൃഷ്ണനുണ്ണി പറയുന്നു.
അച്ഛനും മകനും ഗുരു ഒരാൾ തന്നെയെന്നതും കൗതുകമായി. ഇരുവരെയും ചെറുപ്പം മുതൽ കെപി ശശികുമാർ നീലേശ്വരമാണ് മോണോ ആക്ട് പഠിപ്പിച്ചത്. രണ്ടു തലമുറകളെയും പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അടുത്ത തലമുറയെ കൂടി പഠിപ്പിക്കാൻ ഭാഗ്യമുണ്ടാകട്ടെയെന്ന് ഇരുവരെയും ചേർത്ത് പിടിച്ച് ആ അധ്യാപകൻ പറഞ്ഞു. കാവ്യാ മാധവനും നിഖില വിമലും ഉൾപ്പെടെ നിരവധി ശിഷ്യഗണങ്ങളുള്ള ശശികുമാറിനും കലോത്സവ വേദി ഒരു ഹരമാണ്. മുടങ്ങാതെ സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്ന ശശികുമാറിന് രണ്ട് തലമുറകളിലെ തന്റെ ശിഷ്യർക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.
ഇത്തവണ ചാക്യാർകൂത്ത് മത്സരത്തിലും പങ്കെടുത്ത കൃഷ്ണനുണ്ണി എ ഗ്രേഡ് സ്വന്തമാക്കി. അമ്മ അശ്വതി മുൻപ് സബ്ജില്ലാ തലത്തിൽ നൃത്തമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കുളനട മെഡിക്കൽ ട്രസ്റ്റിൽ ഫിസിഷ്യൻമാരാണ് ഇരുവരും. അനിയത്തി കൃഷ്ണവേണിയും നൃത്തം അഭ്യസിക്കുന്നുണ്ട്. . ആശുപത്രിയിലെ വിവിധ പരിപാടികളിൽ കുടുംബസമേതം പങ്കെടുക്കുന്ന ഇവർക്ക് കലയോടും കലാകാരൻമാരോടും പ്രത്യേക സ്നേഹമാണ്. പങ്കെടുത്ത രണ്ട് മത്സരങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി ആദ്യ സംസ്ഥാന കലോത്സവം ആവോളം ആസ്വദിച്ചാണ് കൃഷ്ണനുണ്ണി കുടുംബത്തിനൊപ്പം കലോത്സവ നഗരി വിടുന്നത്.
Content Highlights: krishanunni and father sreehari at school kalolsavam 2024
Published: 06 Jan 2024, 01:59 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented