
കൊല്ലം: അഞ്ചു ദിവസങ്ങളായി എന്തൊരു ആവേശമാണ്. എങ്ങോട്ട് തിരിഞ്ഞാലും പാട്ടും നൃത്തവും കൊട്ടും താളവും... ഒന്നും രണ്ടുമല്ല 239 മത്സരയിനങ്ങൾ. പതിനയ്യായിരത്തോളം മത്സരാർത്ഥികൾ. 23 വേദികൾ....കലാകേരളം ഈ പൗരാണിക നഗരത്തിന് പകർന്നത് വല്ലാത്ത ഊർജമാണ്. കോവിഡ് മരവിപ്പിച്ച നഗരം പതിയെപ്പതിയെ എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുളളൂ. 15 കൊല്ലത്തിനു ശേഷം കൗമാര കലാമേള കൊല്ലത്തേക്ക് വന്നപ്പോൾ, വല്ലപ്പോഴും മാത്രം ഇവിടുത്തുകാർ കണ്ടിരുന്ന കൂത്തും കൂടിയാട്ടവും യക്ഷഗാനവും പല വേദികളിൽ അരങ്ങേറി. ഗോത്രകലയായ മംഗലംകളി ആദ്യമായി കലോത്സവവേദിയിൽ അവതരിപ്പിച്ചതിനും സാക്ഷിയായി. ചെണ്ടയും ബാന്റും മേളപ്പെരുക്കം തീർത്തു. ഒപ്പന, നാടോടിനൃത്തം, കുച്ചുപ്പുടി, സംഘനൃത്തം തുടങ്ങിയ വേദികൾക്ക് മുന്നിൽ ഈ നാട് മുഴുവനുണ്ടായിരുന്നു.
ഒരു പക്ഷേ, കോവിഡിന് ശേഷം തുടർച്ചയായ അഞ്ചുദിവസങ്ങളിൽ ഇത്രത്തോളം ആളുകൾ നഗരത്തിൽ ഒന്നിച്ചു ചേർന്നത് ഇതാദ്യമായിരിക്കും. ചിലപ്പൊഴൊക്കെ നഗരം തിരക്കിൽ വീർപ്പുമുട്ടി. പക്ഷേ, ഒരു വാക്കു തർക്കമോ കശപിശയോ ഉണ്ടായില്ല. പാതിയുറക്കത്തിൽ കിടന്ന കച്ചവടം കലോത്സവത്തോടെ പച്ചപിടിച്ചു. കപ്പലണ്ടി കച്ചവടക്കാരും തട്ടുകടക്കാരും നക്ഷത്ര ഹോട്ടലുകാരുമെല്ലാം ഒരേ പോലെ ഹാപ്പി. ഡിസംബറിലെ അവസാന ദിവസങ്ങൾ മുതൽ ആശ്രാമം മൈതാനവും ചുറ്റുവട്ടങ്ങളും കലോത്സവ മൂഡിലായിരുന്നു. കലയും സാഹിത്യവും കടലും കായലും കയറും കശുവണ്ടിയും ഒന്നുചേരുന്ന നഗരം പറഞ്ഞു-‘വരിക കലാകേരളമേ...സ്വാഗതം...’ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ കൗമാരത്തെ സൗജന്യ ‘കലോത്സവ വണ്ടികൾ’ വരവേറ്റു. വേനലിനെ തോൽപ്പിക്കാൻ എല്ലാ വേദികളിലും മൺകൂജകളിൽ തണുത്ത വെള്ളം എപ്പോഴും നിറച്ചുവച്ചു. അനിശ്ചിതത്വങ്ങളെ തള്ളി പഴയിടം മോഹനൻ നമ്പൂതിരി തന്നെ രുചിയിടമൊരുക്കി. പതിനായിരങ്ങൾ ഭക്ഷണം കഴിച്ചിട്ടും ഒരു പരാതിയുമുണ്ടായില്ല.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം രചിച്ച അഴകത്ത് പദ്മനാഭക്കുറുപ്പിന്റേയും ഒ.എൻ.വി.യുടേയും നാട്ടിൽ രചനാ മത്സരങ്ങളിൽ ചെറുപ്പം കരുത്തറിയിച്ചു. കഥാപ്രസംഗ കലയുടെ നൂറാം വർഷത്തിൽ അവർ കഥപറഞ്ഞ് കസറി. ഒ.മാധവന്റേയും കെ.പി.എ.സി.യുടേയും നാട്ടിൽ നാടകവും നിറഞ്ഞ സദസ്സിലാണ് കളിച്ചത്. കഥകളിക്ക് തുടക്കമിട്ട കൊട്ടാരക്കര തമ്പുരാന്റെ മണ്ണിൽ കഥകളി മത്സരങ്ങൾക്കും മറ്റിടങ്ങളേക്കാൾ, ആസ്വാദകരുണ്ടായി.
തിരുവിതാംകൂറിൽ ആദ്യം വിമാനമിറങ്ങിയ ആശ്രാമം മൈതാനം ആവേശത്തിന്റെ ആകാശത്തായിരുന്നു അഞ്ചു ദിവസങ്ങളിലും....കൊല്ലവർഷം പിറന്ന മണ്ണ് കൗമാരകേരളത്തോട് കടപ്പെട്ടിരിക്കുന്നു. താങ്ക്യൂ കലാകേരളം...-ഞങ്ങളെ തൊട്ടുണർത്തയിന്...ആവേശം കൊള്ളിച്ചതിന്...ആനന്ദിപ്പിച്ചതിന്.
Content Highlights: kalolsavam last day state kalolsavam 2024
Published: 08 Jan 2024, 08:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented