ഒരു സുന്ദര സ്വപ്‌നത്തിന്റെ ദൃശ്യാവിഷ്‌ക്കാരം, ചിരി നിറച്ച് കള്ളനും ഭഗവതിയും | Review


By സരിന്‍.എസ്.രാജന്‍

2 min read
Read later
Print
Share

Photo: facebook.com/KallanumBhagavathiyum

രു ദിവസം ദൈവം നിങ്ങള്‍ക്ക് മുമ്പില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. കുറച്ച് ദിവസം ചെലവഴിക്കാനായി ഒപ്പം കൂടുന്നു. ഇത്തരമൊരു സുന്ദര സ്വപ്‌നത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് 'കള്ളനും ഭഗവതിയും'. നീണ്ട ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

കൊടുന്തറ എന്ന ഗ്രാമത്തിലാണ് കഥ വികസിക്കുന്നത്. കൊടുന്തറയിലെ പേരുകേട്ട കള്ളനാണ് മാത്തപ്പന്‍. വിഗ്രഹ മോഷണവുമൊക്കെയായി ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ഒരു പാവം പാവം കള്ളന്‍. നടത്തുന്ന മിക്ക മോഷണങ്ങളും പാളി പോകുന്നതോടെ മാത്തപ്പന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു.

ആത്മഹത്യ ചെയ്യാനുറച്ച മാത്തപ്പന്‍ അവിചാരിതമായി പ്രിയാമണിയെ കണ്ടുമുട്ടുന്നു. ശതാവരിപ്പുഴക്കരയിലെ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് പ്രിയാമണിയിലൂടെ മാത്തപ്പനറിയുന്നു. മാത്തപ്പന്‍ ജീവിതം പിന്നീട് എങ്ങനെയൊക്കെ മാറുന്നുവെന്നാണ് ചിത്രം പറഞ്ഞ് വെയ്ക്കുന്നത്. മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുമ്പോള്‍ പ്രിയാമണിയായി എത്തുന്നത് അനുശ്രീയാണ്.

കഥാപാത്ര വൈവിധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാറുള്ള വിഷ്ണു ഉണ്ണികൃഷ്ണന്‍ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തനി സാധാരണക്കാരനായുള്ള ഉണ്ണികൃഷ്ണന്റെ പകര്‍ന്നാട്ടം ദൃശ്യ വിരുന്ന് തന്നെയാണ്. കഥാപാത്രത്തെ ഭാഷാ ശൈലി കൊണ്ട് മികവുറ്റതാക്കാനും വിഷ്ണുവിന് സാധിച്ചു.

ചിത്രത്തില്‍ ഭഗവതിയായി എത്തുന്ന മോക്ഷയുടെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. മോഷണത്തിന്റെ സമയത്ത് മാത്തനൊപ്പം കൂടുകയാണ് ഭഗവതി. പിന്നീട് ആരോരുമില്ലാത്ത മാത്തപ്പന് പിരിയാനാവാത്ത വിധം ഇരുവരും അടുക്കുകയാണ്. ഭഗവതി എത്തുന്നതോടെ മാത്തപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അല്‍ത്താഫ്, ജോണി ആന്റണി, ജയന്‍ ചേര്‍ത്തല, സലീം കുമാര്‍, രാജേഷ് മാധവന്‍, നോബി മാര്‍ക്കോസ്, ശ്രീകാന്ത് മുരളി, മാല പാര്‍വതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രേക്ഷകരെ കുടെ കുടെ ചിരിപ്പിക്കുന്ന ജ്യോതിഷന്‍ പൊറ്റക്കുഴി രാധാകൃഷ്ണനായി ജോണി ആന്റണി തകര്‍ത്തപ്പോള്‍ എസ്.ഐ സുധാംശനായി പ്രേക്ഷകരുടെ മനം കവര്‍ന്നത് പ്രേം കുമാറാണ്. പാലക്കാടിന്റെ ദൃശ്യ ഭംഗിയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

ഗൗരവമേറിയ വിഷയങ്ങള്‍ സിനിമയ്ക്കായി തിരഞ്ഞെടുക്കാറുള്ള ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത് നര്‍മ പ്രാധാന്യമുള്ള വിഷയമാണ്. അല്‍പ്പം ചിരിക്കാനും ചിന്തിക്കാനുമൊക്കെ ആഗ്രഹമുണ്ടെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം, കള്ളനും ഭഗവതിക്കും.

Content Highlights: kallanum bhagavathiyum malayalam movie review, vishnu unnikrishnan, anusree

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented