ഭുവനേശ്വര്‍: കലിംഗ സ്‌റ്റേഡിയത്തില്‍ ഒഡിഷ എഫ്.സി.ക്കെതിരേ ഒരു ജയം എന്ന മോഹത്തിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം. ആദ്യപകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞ ബ്ലാസ്‌റ്റേഴ്‌സ്, ഒഡിഷയ്‌ക്കെതിരായ മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി പിരിഞ്ഞു (2-2). ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 21 മിനിറ്റിനിടെ രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടെണ്ണം വഴങ്ങിയത്. മൂന്ന് മിനിറ്റ് ഇടവേളയില്‍ നേടിയ രണ്ട് ഗോളുകള്‍ ആദ്യ 21 മിനിറ്റിനകംതന്നെ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കി. എന്നാല്‍ ഏഴ് മിനിറ്റ് ഇടവേളയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒഡിഷ മത്സരത്തിലേക്ക് തിരിച്ചെത്തി. ബ്ലാസ്‌റ്റേഴ്‌സ് താരം അലക്‌സാണ്ടര്‍ കൊയെഫ് സെല്‍ഫ് ഗോള്‍ വഴങ്ങിയതാണ് അതിലൊന്ന്.

To advertise here,

18-ാം മിനിറ്റില്‍ നോവ സദൂയിയും 21-ാം മിനിറ്റില്‍ ജീസസ് ജെമിനെസും സന്ദര്‍ശകര്‍ക്കായി ആദ്യം ലക്ഷ്യം കണ്ടു. ഇടതുവിങ്ങില്‍നിന്ന് ബോക്‌സിനകത്തേക്ക് കുതിച്ചെത്തി നോവ നടത്തിയ ഇടംകാല്‍ ആക്രമണം ബോക്‌സിന്റെ വലതുമൂലയില്‍ച്ചെന്ന് പതിച്ചു (1-0). മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അതിവേഗ നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരുവട്ടംകൂടി എതിര്‍ വല നിറച്ചു. നോവ സദൂയിയുടെ അസിസ്റ്റില്‍നിന്ന് ജിമെനസ് വലയുടെ മേല്‍ക്കൂരയിലേക്ക് അടിച്ചകറ്റുകയായിരുന്നു (2-0). 

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മേധാവിത്വത്തിന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. 29-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം അലക്‌സാണ്ടര്‍ കൊയെഫിന്റെ സെല്‍ഫ് ഗോളിലൂടെ ഒഡിഷ തിരിച്ചുവരവ് നടത്തി. ഒഡിഷയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറിന് പിന്നാലെയാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തെത്തിയ പന്ത് കൊയെഫിന്റെ ദേഹത്തുതട്ടി ബോക്‌സിനകത്തേക്ക്. കൊയെഫ് ഉടന്‍തന്നെ പുറത്തേക്ക് തട്ടിയകറ്റിയിരുന്നെങ്കിലും റീപ്ലേയില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നതായി വ്യക്തമായി (2-1). 

36-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ ഒഡിഷയെ തുല്യ നിലയിലെത്തിച്ചു. ബോക്‌സിനകത്തുനിന്ന് അഹമ്മദ് ജഹൂ നല്‍കിയ പാസ് വലയ്ക്കകത്തേക്ക് തട്ടിയിടേണ്ട കാര്യമേ മൗറിഷ്യോയ്ക്കുണ്ടായിരുന്നുള്ളൂ (2-2). ഇതോടെ ഒഡിഷയുടെ രണ്ട് ഗോളുകളിലും ജഹു നിര്‍ണായക ഭാഗഭാക്കായി. 

ഉറച്ച ലക്ഷ്യത്തോടെത്തന്നെയാണ് ബ്ലാസ്‌റ്റേഴ് ഇറങ്ങിയതെന്ന് കളിയില്‍ കാണാനുണ്ടായിരുന്നു. ദാനിഷ് ഫാറൂഖും ജെമിനസും നോവ സദൂയിയും ചേര്‍ന്ന് ഒത്തിണക്കത്തോടെ കളിച്ചു. ഇത് ആദ്യ ഘട്ടത്തില്‍ ഒഡിഷയുടെ നില പരുങ്ങലിലാക്കി. എന്നാല്‍ പിന്നീട് ഒഡിഷയും ആക്രമണത്തിലേക്ക് തുനിഞ്ഞതോടെ കളിക്ക് വേഗം കൈവന്നു. ഇരുടീമും ആക്രമണ- പ്രത്യാക്രമണ ശൈലി സ്വീകരിച്ചതോടെ കളി ആവേശകരമായി. രണ്ടാംപകുതിയില്‍ ഒഡിഷ കുറച്ചുകൂടി ഉണര്‍ന്നുകളിച്ചു. റഹിംഅലിയും റോയ് കൃഷ്ണയും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് അപകടം വിതച്ചുകൊണ്ടിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്‌സും കിട്ടിയ അവസരങ്ങള്‍ തുലച്ചു.