ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലും സൂപ്പർ കപ്പിലുമായി അവസാനം കളിച്ച നാലുമത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 12 ഗോൾ. നാലിലും തോറ്റു. നായകൻ അഡ്രിയൻ ലൂണയും ക്വാമി പെപ്രയും പരിക്കേറ്റ് പുറത്തായതാണ് തോൽവിക്ക് കാരണമെന്നു പറഞ്ഞ് ആശ്വസിക്കാമെങ്കിലും പ്രശ്‌നം പ്രതിരോധത്തിലാണ്. തിങ്കളാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരേ വഴങ്ങിയ മൂന്നുഗോളിലും ഡിഫൻസീവ് തേർഡിൽവന്ന ഗുരുതരമായ പിഴവുകളുണ്ട്.

To advertise here,

സ്വന്തം ബോക്‌സിൽ പന്തുെവച്ച് കളിക്കാതിരിക്കുകയെന്നത് ഫുട്‌ബോളിലെ പ്രാഥമികപാഠമാണ്. ബ്ലാസ്‌റ്റേഴ്‌സ് ആ പാഠം മറന്നതിന്റെ ഉദാഹരണമാണ് പഞ്ചാബ് എഫ്.സി. തിങ്കളാഴ്ചനേടിയ മൂന്നാം ഗോൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ രണ്ടാഘട്ടത്തിൽ കളിച്ച രണ്ടു കളിയും തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമും പരിശീലകനും സമ്മർദത്തിലായി. ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കാറുള്ള പോരാട്ടവീര്യം കഴിഞ്ഞദിവസം കണ്ടതുമില്ല.

പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ജയം ലക്ഷ്യമിട്ട് ഹൈലൈൻ ഡിഫൻസ് സെറ്റുചെയ്ത് ആക്രമണഫുട്‌ബോളാണ് പ്ലാൻ ചെയ്തത്. നിരന്തരമായ ആക്രമണമായിരുന്നു ലക്ഷ്യം. ഹോർമിപാമിനെയും മിലോസ് ഡ്രിൻസിച്ചിനെയും പ്രതിരോധച്ചുമതലയേൽപ്പിച്ച്, വിങ് ബാക്കുകളായ നൊവാച്ച സിങ്ങിനെയും പ്രീതം കോട്ടാലിനെയും വിങ്ങുകളിലൂടെ കയറിക്കളിക്കാൻ വിട്ടു. വലതുവിങ്ബാക്ക് പ്രീതം കയറിക്കളിക്കുമ്പോൾ മധ്യനിരയുടെ വലതുഭാഗത്ത് കളിച്ച കെ.പി. രാഹുൽ അകത്തോട്ടുകയറി സ്‌ട്രൈക്കറുടെ റോളും കൈകാര്യം ചെയ്തു.

പുതുതായി ടീമിലെത്തിയ ഫെഡോർ ചെർനിച്ച് മുഖ്യ സ്‌ട്രൈക്കറുടെ റോളിലെത്തിയപ്പോൾ അതിന് തൊട്ടുതാഴെയാണ് ദിമിത്രിയോസ് ഡയമെന്റാകോസ് കളിച്ചത്. നൊവാച്ച സിങ് കയറിക്കളിച്ചതിനാൽ മധ്യനിരയുടെ ഇടതുഭാഗത്ത് കളിച്ച ജപ്പാൻ താരം ഡെയ്‌സുക്ക സക്കായ് പന്തുമായി അകത്തോട്ട് കയറിക്കളിച്ചു.

ഇവാന്റെ ഹൈലൈൻ ഡിഫൻസ് തന്ത്രം ലൂക്ക മജ്‌സൻ മഹ്ദി തലാൽ-വിൽമർ ജോർഡാൻ മുന്നേറ്റത്രയത്തെക്കൊണ്ട് പഞ്ചാബ് എഫ്.സി. പരിശീലകൻ സ്റ്റായ്‌കോസ് വെർഗെറ്റിസ് ഭംഗിയായി പൊളിച്ചു. കയറിനിൽക്കുന്ന സെൻട്രൽ ബാക്കുകളും ഗോൾ കീപ്പറും തമ്മിലുള്ള സ്‌പേസ് ഇവർ മുതലാക്കി. സ്വന്തം ഹാഫിൽനിന്ന് നീളൻ പന്തുകൾവഴി മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാൻ പഞ്ചാബിന്റെ മധ്യനിരയ്ക്ക് കഴിഞ്ഞു. ഇതിനായി മൂന്നുപേരെയും മധ്യഭാഗത്തുകൂടി ആക്രമണത്തിന് നിയോഗിച്ചു. ഇതോടെ ഡ്രിൻസിച്ച്-ഹോർമിപാം കൂട്ടുകെട്ടിൽ വിള്ളൽവീഴ്ത്താനുമായി.

മൂന്ന് മുന്നേറ്റനിരതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഹാഫിലേക്ക് വിട്ട് മറ്റുതാരങ്ങളെ സ്വന്തം ഹാഫിൽ പൊസിഷൻ സംരക്ഷിച്ച് കളിപ്പിക്കുകയായിരുന്നു വെർഗെറ്റിസ്. ഇതുമൂലം ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് ബോക്‌സിനുമുന്നിൽ സ്‌പേസ് ലഭിച്ചില്ല. കളിയുടെ അവസാനഘട്ടത്തിൽ പഞ്ചാബ് ബസ് പാർക്കിങ് പ്രതിരോധം നന്നായി നടപ്പാക്കി. ബ്ലാസ്റ്റേഴ്‌സിനായി സക്കായ് മികച്ച പ്രകടനം നടത്തി. എന്നാൽ, ജപ്പാൻ താരത്തിന്റെ അപകടകരമായ നീക്കങ്ങളെ പൂർണതയിലെത്തിക്കാൻ രാഹുലിനും ഡയമെന്റാകോസിനും കഴിഞ്ഞില്ല.

അഡ്രിയൻ ലൂണയുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് അറിയുന്നത് കളിയുടെ സ്വഭാവത്തിനനുസരിച്ച് ടീമിനെ സജ്ജമാക്കാൻകഴിയുന്ന നേതാവില്ലാത്തതിനാലാണ്. ടീമിനെ ഏതു പ്രതിസന്ധിയിലും മുന്നോട്ടുനയിക്കാൻ കഴിയുന്ന താരമാണ് ലൂണ. ക്വാമി പെപ്ര എതിർടീമിന്റെ അറ്റാക്കിങ് തേർഡിലുണ്ടാക്കുന്ന സമ്മർദമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകളായിമാറുന്നത്. ഈ രണ്ടു താരങ്ങളുടെ അഭാവവും തുടർത്തോൽവികളും ടീമിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാൽ, മികച്ച താരങ്ങളും ശക്തമായ റിസർവ് ബെഞ്ചുമുള്ള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരവ് ‌പ്രയാസകരമല്ല.