ഇന്ത്യന്‍ ഫുട്ബാള്‍ മാമാങ്കമായ ഐഎസ്എല്ലിന്റെ പത്താം പതിപ്പില്‍ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരുക്കിയത് അതിമനോഹരമായ 'മഞ്ഞപ്പടപ്പൂരം'. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും ആരാധകക്കൂട്ടായ്മയായ  മഞ്ഞപ്പടയുടെയും പത്താം സീസണോടനുബന്ധിച്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിറഞ്ഞത് താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ നിറക്കാഴ്ചയായ പൂരത്തിന്റെ മറ്റൊരുപതിപ്പ്.

To advertise here,

കേരളത്തിലെ ഏറ്റവും പേരുകേട്ട ഉത്സവമായ തൃശൂര്‍ പൂരത്തിന്റെ മാതൃകയിലാണ് 'മഞ്ഞപ്പടപ്പൂരം' ഒരുക്കിയത്. വെഞ്ചാമരം വീശിനില്‍ക്കുന്ന കൊമ്പന്മാരും മുത്തുക്കുടകളും കിഴക്കേ ഗാലറിയില്‍  വിസ്മയക്കാഴ്ചകളൊരുക്കി. ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രതിനിധീകരിച്ചു പതിനൊന്നു കൊമ്പന്മാരുടെ പ്രതീകങ്ങളാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. നടുവിലെ കൊമ്പന്റെ തിടമ്പായി ബ്ലാസ്റ്റേഴ്സ് ലോഗോ. പശ്ചാത്തലത്തില്‍ പഞ്ചവാദ്യമേളങ്ങളുടെ അകമ്പടികൂടിയാകുമ്പോള്‍ പൂരം അക്ഷരാര്‍ഥത്തില്‍ ഉദ്ഘാടനമത്സരവേദിയെ ആവേശത്തിലാഴ്ത്തി.

70 മീറ്ററോളം നീളത്തില്‍ പല ക്രമങ്ങളിലായി പ്രകാശിപ്പിക്കപ്പെടുന്ന റ്റിഫോ, മഞ്ഞപ്പട ചെയ്തതില്‍ ഏറ്റവും ശ്രമകരമായ ദൗത്യമാണെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തികച്ചും വിജയകരമാക്കാനായെന്ന് മഞ്ഞപ്പട ഭാരവാഹികള്‍ അറിയിച്ചു.