ലഖ്‌നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ മൈതാനത്ത് പ്രധാന താരങ്ങളുടെ അഭാവത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ജംഷേദ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡിയാമാന്റക്കോസിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ 45-ാം മിനിറ്റില്‍ ജാവിയര്‍ സിവെറിയോയിലൂടെ ജംഷേദ്പുര്‍ സമനില പിടിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇന്‍ജുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡിയാമാന്റക്കോസിന്റെ ഗോളെന്നുറച്ച ഷോട്ട് വലത്തോട്ട് ഡൈവ് ചെയ്ത് ടി.പി രഹനേഷ് രക്ഷിക്കുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കെത്തിയ ആക്രമണത്തില്‍ സ്‌റ്റെവാനോവിച്ചിന്റെ ഷോട്ട് തടഞ്ഞ് കരണ്‍ജിത്തും ടീമിന്റെ രക്ഷകനായി.

To advertise here,

സമനിലയോടെ ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. 19 കളികളില്‍ നിന്ന് 30 പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് കൂടെ നേടിയാന്‍ ഔദ്യോഗികമായി ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. മറുവശത്ത് 20 കളികളില്‍ നിന്ന് 21 പോയന്റുള്ള ജംഷേദ്പുരിന് പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള രണ്ട് കളികള്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലം കൂടി കാത്തിരിക്കണം.

കളിയുടെ തുടക്കംമുതല്‍ തന്നെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ബ്ലാസ്റ്റേഴ്‌സ് ആദ്യം മുതല്‍ക്കേ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 23-ാം മിനിറ്റില്‍ രാഹുല്‍ കെ.പി നല്‍കിയ പാസ് ജസ്റ്റിന്‍, ബോക്‌സിലുണ്ടായിരുന്ന ഡിയാമാന്റക്കോസിന് മറിച്ചു നല്‍കി. ജംഷേദ്പുര്‍ താരത്തിന്റെ കാലില്‍ തട്ടി ഗതിമാറിയ പന്ത് ലഭിച്ച ഡിയാമാന്റക്കോസ് ഇടംകാലനടിയിലൂടെ പന്ത് വലയിലാക്കി. താരത്തിന്റെ 13-ാം ഗോളായിരുന്നു ഇത്.

എന്നാല്‍ ഗോള്‍വീണതോടെ ഉണര്‍ന്നു കളിച്ച ജംഷേദ്പുര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് എല്‍സിനോ നല്‍കിയ ലോങ് പാസ് സ്വീകരിച്ച സിവെറിയോയെ തടയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പൂര്‍ണ പരാജയമായി. പന്തുമായി മുന്നേറിയ സിവെറിയോ സമയമെടുത്ത് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണങ്ങള്‍ പുറത്തെടുത്തു. 87-ാം മിനിറ്റില്‍ ഫെഡോര്‍ ചെര്‍നിച്ചിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.