ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിനെതിരേയാണ് പതിന്നാലുകാരനായ വൈഭവ് സൂര്യവംശി സെഞ്ചുറി തികച്ചത്. 38 പന്തിൽ നിന്ന് 101 റൺസെടുത്ത താരം റെക്കോഡുകൾ തിരുത്തിയെഴുതി. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി എന്നിങ്ങനെ ഒരുപിടി നേട്ടങ്ങൾ വൈഭവ് സ്വന്തംപേരിലാക്കി. എന്നാൽ മുംബൈക്കെതിരേ കഴിഞ്ഞ ദിവസം താരം ഡക്കായി മടങ്ങിയിരുന്നു. അതിനിടെ ക്രിക്കറ്റിലെ കളിക്കാരുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ബോക്‌സർ വിജേന്ദർ സിങ്. 

To advertise here,

ക്രിക്കറ്റിലും കളിക്കാർ പ്രായം കുറയ്ക്കാൻ തുടങ്ങിയോ എന്ന് വിജേന്ദർ സിങ് എക്‌സിൽ കുറിച്ചു. പരോക്ഷമായിട്ടാണ് വിജേന്ദർ സിങ്ങിന്റെ പ്രതികരണമെങ്കിലും പോസ്റ്റിന് താഴെ വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ ഒട്ടുമിക്ക ആരാധകരും സംശയം പ്രകടിപ്പിച്ചു. വിജേന്ദറിന്റെ പ്രതികരണം ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറി. വൈഭവിന് ഇപ്പോൾ പറയുന്നതിനേക്കാൾ കൂടുതൽ പ്രായമുണ്ടാകുമെന്ന് ഒരാൾ കമന്റിട്ടു. ബിസിസിഐ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മറ്റൊരാൾ പ്രതികരിച്ചു. 

അതേസമയം വൈഭവിന്റെ പ്രായത്തെച്ചൊല്ലി മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ബി.എൻ.എൻ. ന്യൂസ് എന്ന മാധ്യമം 2023 ഏപ്രിലിൽ വൈഭവുമായുള്ള ഒരു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. വരുന്ന സെപ്റ്റംബറിൽ തനിക്ക് 14 വയസ്സാകുമെന്നാണ് ആ അഭിമുഖത്തിൽ വൈഭവ് പറയുന്നത്. അതിനാൽ ഇപ്പോൾ താരത്തിന് 15 വയസ്സുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. പ്രായത്തെച്ചൊല്ലി വിവാദമുയർന്നതിന് പിന്നാലെ വൈഭവിന്റെ അച്ഛൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രായം സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കാൻ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ''എട്ടര വയസ്സുള്ളപ്പോളാണ് വൈഭവ് ആദ്യമായി ബി.സി.സി.ഐ.യുടെ ബോൺ ടെസ്റ്റിന് വിധേയനാകുന്നത്. വൈഭവ് ഇന്ത്യയുടെ അണ്ടർ-19 ടീമിലും കളിച്ചിട്ടുണ്ട്. ഞങ്ങൾ ആരെയും ഭയക്കുന്നില്ല. വേണമെങ്കിൽ അവനെ പ്രായം തെളിയിക്കാനുള്ള പരിശോധനയ്ക്ക് വീണ്ടുംവിധേയനാക്കാം.'' വൈഭവിന്റെ അച്ഛൻ അന്ന് പറഞ്ഞു. 

ബിഹാറിനുവേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റിയത്. 2024 നവംബറിൽ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി. 14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഇത്തവണ ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിലെ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും നേടി. ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറി കുറിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞയാളായി.