2010 മാർച്ച് 13-ന് മുംബൈ ഇന്ത്യൻസിനെതിരേ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു അന്ന് രാജസ്ഥാൻ റോയൽസ് താരമായിരുന്ന യൂസഫ് പത്താന്റെ വെടിക്കെട്ട് സെഞ്ചുറി. വെറും 37 പന്തിൽ സെഞ്ചുറി കുറിച്ച യൂസഫ് അന്ന് ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും അന്ന് സ്വന്തമാക്കി. യുസഫിന്റെ ആ ഇന്നിങ്‌സ് വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ വൈഭവ് സൂര്യവംശിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സൂപ്പർ സ്റ്റാർ ജനിച്ചിട്ടുപോലുമില്ലായിരുന്നു. യൂസഫിന്റെ ആ ഇന്നിങ്‌സ് പിറവിയെടുക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാതിരുന്ന വൈഭവാണ് 15 വർഷങ്ങൾക്കിപ്പുറം യൂസഫ് പത്താന്റെ ഐപിഎൽ റെക്കോഡ് പഴങ്കഥയാക്കിയിരിക്കുന്നത്.
2010 ഐപിഎല്ലിൽ മുംബൈക്കെതിരേ 213 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു പത്താന്റെ റെക്കോഡ് സെഞ്ചുറി. 37 പന്തിൽ എട്ട് സിക്‌സും ഏഴു ഫോറും സഹിതം 100 റൺസെടുത്ത യൂസഫ് പിന്നാലെ റണ്ണൗട്ടാകുകയായിരുന്നു. ഒടുവിൽ വിജയത്തിന് നാലു റൺസകലെ രാജസ്ഥാൻ വീണു.
15 വർഷങ്ങൾ പിന്നിട്ട് അതേ രാജസ്ഥാൻ ടീമിനു വേണ്ടിയാണ് വൈഭവ് റെക്കോഡ് പ്രകടനം പുറത്തെടുത്തതെന്നത് യാദൃശ്ചികതയാകാം. 2011 മാർച്ച് 27-നായിരുന്നു വൈഭവിന്റെ ജനനം. ഐപിഎൽ ആരംഭിച്ചതിനു ശേഷമാണ് വൈഭവ് ജനിച്ചത്. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവിന് സ്വന്തമായിരുന്നു. 2019-ൽ 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബർമന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.
കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാൻ സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു. 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.
പിന്നീട് 14 വർഷവും 23 ദിവസവമുള്ളപ്പോഴാണ് ഐപിഎലിൽ അരങ്ങേറ്റം കുറിക്കുന്നത്. ഐപിഎലിൽ അങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് തൂക്കിയായിരുന്നു 14-കാരൻ വൈഭവ് സൂര്യവംശിയുടെ ഐപിഎൽ അരങ്ങേറ്റം. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടർന്നാണ് ഏപ്രിൽ 19-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഓപ്പണറായി വൈഭവ് അരങ്ങേറുന്നത്. 14 വർഷവും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം.
പിന്നാലെ ഗുജറാത്തിനെതിരേ റെക്കോഡ് കുറിച്ച മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി കുറിച്ച വൈഭവ് 38 പന്തിൽ 11 സിക്‌സും ഏഴു ഫോറുമുൾപ്പെടെ 101 റൺസടിച്ച ശേഷമാണ് പുറത്തായത്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും 14 വയസും 32 ദിവസും മാത്രം പ്രായമുള്ള ഈ ലിറ്റിൽ സൂപ്പർ സ്റ്റാർ സ്വന്തമാക്കി. ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന നേട്ടവും വെറും മൂന്നാമത്തെ മത്സരത്തിൽ വൈഭവ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണിത്. 30 പന്തിൽ സെഞ്ചുറിയടിച്ച വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്.
Content Highlights: 14-year-old Vabhav surpasses Yusuf Pathan`s 37-ball IPL century record. Fastest century
Published: 29 Apr 2025, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented