ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരേ സൺ റൈസേഴ്സ് ഹൈദരാബാദിന് ജയം. ബാറ്റർമാർ അടിച്ചുതകർത്ത മത്സരത്തിൽ 44 റൺസിനാണ് ഹൈദരാബാദിന്റെ ജയം. 287 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20-ഓവറില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുക്കാനേ ആയുള്ളൂ.

To advertise here,

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ചാണ്ഇന്നിങ്‌സ് അവസാനിപ്പിച്ചത്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്ക് എതിരേ സണ്‍റൈസേഴ്‌സ് തന്നെ കുറിച്ച 287 റണ്‍സാണ് ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 

287 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റേത് മോശം തുടക്കമായിരുന്നു. 50-റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. യശ്വസ്വി ജയ്‌സ്വാള്‍(1), റിയാന്‍ പരാഗ്(4), നിതീഷ് റാണ(11) എന്നിവര്‍ വേഗം കൂടാരം കയറി. നാലാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു സാംസണും ധ്രുവ് ജുറേലുമാണഅ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും വെടിക്കെട്ടോടെ ടീം സ്‌കോര്‍ 150-കടത്തി. 66 റണ്‍സെടുത്ത സഞ്ജുവും 70 റണ്‍സെടുത്ത ധ്രുവ് ജുറേലും മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ഹെറ്റ്മയറിന്റേയും(42) ശുഭം ദുബൈ യുടെയും(34) വെടിക്കെട്ടുകള്‍ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20-ഓവറില്‍ ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഹൈദരാബാദിന് 44 റണ്‍സ് ജയം. 

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണെടുത്തത്. ഓപ്പണര്‍മാരായ ട്രാവിസ് ഹൈഡും അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തിക്ഷണ അഭിഷേകിനെ മടക്കി. 31 പന്തില്‍ 67 റണ്‍സ് എടുത്ത ഹൈഡിനെ ഒന്‍പതാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ മടക്കി. എന്നാല്‍, ഒരു വശത്ത് നിലയുറപ്പിച്ച ഇഷാന്‍ കിഷന്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. 47 പന്തില്‍ 106 റണ്‍സാണ് ഇഷാന്റെ സംഭാവന. നിതീഷ് കുമാര്‍ റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ഹെന്റിച്ച് ക്ലാസെന്‍14 പന്തില്‍ 34 റണ്‍സും നേടി. 

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹീഷ് തിക്ഷണ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സാണ് വിട്ടു നല്‍കിയത്.