ലഖ്‌നൗ: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരായ നിര്‍ണായകപോരാട്ടത്തിലും നിരാശപ്പെടുത്തി ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത്. ആറ് പന്തുകള്‍ നേരിട്ട താരത്തിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. ടൂര്‍ണമെന്റിലുടനീളം മോശം പ്രകടനത്തിന്റെ പേരില്‍ താരം വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ ആരാധകര്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

To advertise here,

ഹൈദരാബാദിനെതിരേ മികച്ച തുടക്കമാണ് ലഖ്‌നൗ ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രമും തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും പിരിഞ്ഞത്. പിന്നാലെ വണ്‍ഡൗണായാണ് പന്ത് ബാറ്റിങ്ങിനിറങ്ങിയത്. ഒരു ഫോറടക്കം ഏഴ് റണ്‍സ് നേടിയ താരം വേഗം പുറത്തായി. പന്തെറിഞ്ഞ മലിംഗ തന്നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരത്തെ കൂടാരം കയറ്റി. 

പന്ത് പുറത്തായതിന് പിന്നാലെ ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പന്ത് പുറത്തായതുകണ്ട് ഗാലറിയില്‍ നിന്ന് ഗോയങ്ക തിരിഞ്ഞുനടക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ടൂര്‍ണമെന്റില്‍ ഒട്ടേറെതവണ ഗോയങ്കയും പന്തും തര്‍ക്കിച്ചിട്ടുണ്ട്.