ജയ്പുർ: ജയപ്രതീക്ഷയുയർത്തിയശേഷം മത്സരം കൈവിടുന്ന പതിവ് ഒരിക്കൽകൂടി ആവർത്തിച്ച് രാജസ്ഥാൻ റോയൽസ്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേർന്ന് മിന്നൽവേഗത്തിലുള്ള തുടക്കം നൽകിയെങ്കിലും മധ്യനിര പതിവുപോലെ ഫിനിഷിങ്‌പോയിന്റിന് തൊട്ടുമുന്നിൽ ഇടറിവീണു. വിജയത്തോടെ പ്ലേ ഓഫ് സാധ്യത പഞ്ചാബ് കൂട്ടിയുറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 219 റൺസ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ ഇന്നിങ്‌സ് 209ൽ ഒതുങ്ങി.

To advertise here,

പഞ്ചാബ് കിങ്‌സ് ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കാൻ റെക്കോഡോടെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് രാജസ്ഥാൻ തുടക്കമിട്ടത്. 2.5 ഓവറിൽ 50 റൺസിന്റെ വൈഭവ്-ജയ്‌സ്വാൾ കൂട്ടുക്കെട്ട് ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗത്തിലുള്ള 50 റൺനേടുന്ന ടീമെന്ന റെക്കോഡ്  രാജസ്ഥാന്റെ പേരിലാക്കി.25 പന്തിൽ അർദ്ധസെഞ്ചുറിയോടെ ജയ്‌സ്വാളും 15 പന്തിൽനിന്ന് 40 റൺസ് നേടിയ വൈഭവും പുറത്തായി. പിന്നാലെ എത്തി ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. സഞ്ജു 16 പന്തിൽനിന്ന് 20 റൺസാണ് അടിച്ചത്. നാലുവീതം സിക്‌സറുകളും ഫോറുകളും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്.  അർദ്ധ സെഞ്ചുറിയോടെ (53) ധ്രുവ് ജുറെൽ മധ്യനിരയിൽ ഒറ്റപ്പെട്ട ശ്രമം നടത്തിയെങ്കിലും മറ്റുള്ളവർക്ക് ശോഭിക്കാനായില്ല. പരാഗ് 13 ഉം ഹെറ്റ്‌മെയർ 11 റൺസാണ് നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നെഹാൽ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ 219 റൺസ് നേടിയത്.

മുൻനിരക്കാർ വേഗത്തിൽ ഗ്രൗണ്ട് വിട്ടെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് നെഹാൽ വധേര പഞ്ചാബ് ഇന്നിങ്സ് അതിവേഗത്തിൽ ചലിപ്പിച്ചു. 37 പന്തിൽനിന്ന് അഞ്ചു വീതം ഫോറുകളും സിക്സറുകളും പറത്തി നെഹാൽ 70 റൺസ്നേടി. നാലാം ഓവറിൽ 37ന് മൂന്ന് എന്ന നിലയിലായിരുന്ന പഞ്ചാബിന് നാലാം വിക്കറ്റ് നഷ്ടമാകുന്നത് 11-ാം ഓവറിലാണ്. 30 റണ്ണെടുത്ത ശ്രേയസ് അയ്യർ പുറത്തായി.

പ്രിയൻഷ് ആര്യ (9), പ്രഭ്‌സിമ്രാൻ സിങ്, (21) മിച്ചൽ ഓവൻ (0) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് തുടക്കത്തിൽ നഷ്ടമായത്. ശ്രേയസ് പിന്നാലെ എത്തിയ ശശാങ്ക് സിങ് 30 പന്തിൽ 59 റൺസ് അടിച്ചു പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽനിന്ന് 21 റൺ നേടിയ അസ്മത്തുള്ള ഒമർസായിയും പഞ്ചാബ് ഇന്നിങ്സ് 200 കടത്താൻ പിന്തുണയേകി. അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 219 റൺസ് അടിച്ചത്.

തുഷാർ ദേശ്പാണ്ഡെ രണ്ടും ക്വാന മഫാക, റിയാൻ പരാഗ്, ആകാശ് മധ്വാൾ എന്നിവർ ഓരോ വിക്കറ്റും രാജസ്ഥാനായി നേടി. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ സഞ്ജുവിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന് ഇന്നത്തെ മത്സരഫലം പ്രസക്തിയില്ലായിരുന്നു.ടീം ഇതിനോടകം പ്ലേ ഓഫ് സാധ്യതകളിൽനിന്ന് പുറത്തായിട്ടുണ്ട്. പോയിന്റ് പട്ടികയിൽ അവസാനമെത്താതിരിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.  അതേസമയം പഞ്ചാബ് കിങ്സിന് ഇന്നത്തെ മത്സരം പ്ലേ ഓഫ് പ്രവേശനത്തിന് നിർണായകമായിരുന്നു.