ജയ്പുര്‍: രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് വീണു, അടുത്ത രണ്ട് ഓവറുകളിലും വീണു ഓരോ വിക്കറ്റ് വീതം. 34-ന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായ പഞ്ചാബ് ഒടുവിൽ രാജസ്ഥാനെതിരെ റണ്‍മല തീര്‍ത്തിരിക്കുകയാണ്. നെഹാല്‍ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ സഞ്ജുവിനും ടീമിനും മുന്നില്‍ 220 റണ്‍സാണ് പഞ്ചാബ് ലക്ഷ്യമുയര്‍ത്തിയിരിക്കുന്നത്. മുന്‍നിരക്കാര്‍ വേഗത്തില്‍ ഗ്രൗണ്ട് വിട്ടെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് നെഹാല്‍ വധേര പഞ്ചാബ് ഇന്നിങ്‌സ് അതിവേഗത്തില്‍ ചലിപ്പിച്ചു. 37 പന്തില്‍നിന്ന് അഞ്ചു വീതം ഫോറുകളും സിക്‌സറുകളും പറത്തി നെഹാല്‍ 70 റണ്‍സ്‌നേടി. നാലാം ഓവറില്‍ 37ന് മൂന്ന് എന്ന നിലയിലായിരുന്ന പഞ്ചാബിന് നാലാം വിക്കറ്റ് നഷ്ടമാകുന്നത് 11-ാം ഓവറിലാണ്. 30 റണ്ണെടുത്ത ശ്രേയസ് അയ്യര്‍ പുറത്തായി.

To advertise here,

പ്രിയന്‍ഷ് ആര്യ (9), പ്രഭ്സിമ്രാന്‍ സിങ്, (21) മിച്ചല്‍ ഓവന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് തുടക്കത്തില്‍ നഷ്ടമായത്. ശ്രേയസ് പിന്നാലെ എത്തിയ ശശാങ്ക് സിങ് 30 പന്തില്‍ 59 റണ്‍സ് അടിച്ചു പുറത്താകാതെ നിന്നു. ഒമ്പത് പന്തില്‍നിന്ന് 21 റണ്‍ നേടിയ അസ്മത്തുള്ള ഒമര്‍സായിയും പഞ്ചാബ് ഇന്നിങ്‌സ് 200 കടത്താന്‍ പിന്തുണയേകി. അഞ്ചുവിക്കറ്റഅ നഷ്ടത്തിലാണ് പഞ്ചാബ് 219 റണ്‍സ് അടിച്ചത്.

തുഷാര്‍ ദേശ്പാണ്ഡെ രണ്ടും ക്വാന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും രാജസ്ഥാനായി നേടി. പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ സഞ്ജുവിന്റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന് ഇന്നത്തെ മത്സരഫലം പ്രസക്തിയില്ല.ടീം ഇതിനോടകം പ്ലേ ഓഫ് സാധ്യതകളില്‍നിന്ന് പുറത്തായിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ അവസാനമെത്താതിരിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അതേസമയം അതേസമയം പഞ്ചാബ് കിങ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 15 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബുള്ളത്. തൊട്ടുപിന്നില്‍ 14 പോയിന്റുള്ള മുംബൈയാണ് അവര്‍ക്ക് ഭീഷണി.