ജയ്പുര്‍: ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ കഴിഞ്ഞ ദിവസമാണ് ഒത്തുകളി ആരോപിച്ച് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ (ആര്‍സിഎ) അഡ്-ഹോക്ക് കമ്മിറ്റി കണ്‍വീനറും ബിജെപി എംഎല്‍എയുമായ ജയ്ദീപ് ബിഹാനി രംഗത്തെത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിയുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുകളി ആരോപണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ നിന്ന് അഡ്‌ഹോക് കമ്മിറ്റിയെ ഒഴിവാക്കിയതാണ് ഒത്തുകളി സംശയിക്കാനുള്ള പ്രധാന കാരണമായി ബിഹാനി ചൂണ്ടിക്കാട്ടിയത്.

To advertise here,

ഈ ആരോപണത്തിനു തൊട്ടുപിന്നാലെ ബിഹാനിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ്, രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ജയ്ദീപ് ബിഹാനിയുടെ ആരോപണത്തിനു പിന്നില്‍ ആര്‍സിഎയ്ക്ക് സാധാരണ നല്‍കി വരാറുള്ള മത്സര ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറച്ച് ടിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ആര്‍സിഎയ്ക്ക് ലഭ്യമാക്കിയത്. അവരുടെ അതൃപ്തിക്കു പിന്നിലെ പ്രധാന കാരണം ഇത്തരത്തില്‍ ടിക്കറ്റുകള്‍ വെട്ടിക്കുറച്ചതിനാലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ ഒരു മത്സരത്തിനായി 1800 ടിക്കറ്റുകള്‍ രാജസ്ഥാന്‍ റോയല്‍സ് ആര്‍സിഎയ്ക്ക് നല്‍കുമായിരുന്നു. എന്നാല്‍ 2025-ല്‍ ഈ എണ്ണം ഗണ്യമായി കുറഞ്ഞു. 1000-1200 ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ആര്‍സിഎയ്ക്ക് നല്‍കിവരുന്നത്. 

''സീസണിന്റെ തുടക്കത്തില്‍ ആര്‍സിഎ പിരിച്ചുവിട്ടതിനാല്‍ കളിയുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങള്‍ക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടാനായിരുന്നു ബിസിസിഐ ഞങ്ങള്‍ക്ക് നല്‍കിയ വ്യക്തമായ മാര്‍ഗനിര്‍ദേശം. ആര്‍സിഎ അഡ്‌ഹോക് കമ്മിറ്റിയിലെ അസംതൃപ്തനായ അംഗവും കൂട്ടാളികളും അമിതമായി ടിക്കറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ അത് പ്രോത്സാഹിപ്പിക്കാറില്ല. ഈ നാടകങ്ങള്‍ക്കെല്ലാം പിന്നിലുള്ള ഒരേയൊരു കാരണം ഇതാണ്.'' - രാജസ്ഥാന്‍ റോയല്‍സുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

''ബിസിസിഐയിലെ ഒരു അംഗവും ആര്‍സിഎയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ''നിലവില്‍ ആര്‍സിഎ പിരിച്ചുവിട്ടിരിക്കുകയാണ്. ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇത്തരത്തില്‍ ധാരാളം നാടകങ്ങള്‍ അരങ്ങേറും. ശ്രദ്ധ നേടാനാണ് എല്ലാവരുടേയും ശ്രമം. മോശം ഘടകങ്ങളെ കളിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ബിസിസിഐക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അഴിമതി വിരുദ്ധ യൂണിറ്റ് ഉണ്ട്.'' - പേരുവെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു ബിസിസിഐ അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.