ബെംഗളൂരു: ഐപിഎല്ലിൽ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്‌സിന്‌ അഞ്ചുവിക്കറ്റ് ജയം. ആർസിബി ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു.

To advertise here,

നേരത്തേ മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് നിശ്ചിത 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുക്കാനേ സാധിച്ചിരുന്നുള്ളൂ. കൂട്ടത്തകർച്ചയ്ക്കിടെ 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസോടെ പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആർസിബിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഹർപ്രീത് ബ്രാൻ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സ് അടക്കം ഡേവിഡ് 21 റൺസെടുത്തു. 18 പന്തിൽ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 23 റൺസെടുത്ത ക്യാപ്റ്റൻ രജത് പടിദാറാണ് ആർസിബി നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബിയുടെ വിക്കറ്റ് വീഴ്ച ഇന്നിങ്‌സിന്റെ നാലാം പന്തിൽ തന്നെ തുടങ്ങി. നാലാം പന്തിൽ ഫിൽ സാൾട്ട് (4), മൂന്നാം ഓവറിൽ വിരാട് കോലി (1), നാലാം ഓവറിൽ ലിയാം ലിവിങ്‌സ്റ്റൺ (4), ആറാം ഓവറിൽ ജിതേഷ് ശർമ (2), ഏഴാം ഓവറിൽ ക്രുണാൽ പാണ്ഡ്യ (1) എന്നിങ്ങനെ ആർസിബി ഇന്നിങ്‌സിൽ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 

പഞ്ചാബിനായി അർഷ്ദീപ് സിങ്, മാർക്കോ യാൻസൻ, യുസ്‌വേന്ദ്ര ചാഹൽ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.