ഡല്‍ഹി: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം സൂപ്പര്‍ ഓവറിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തുന്നത്. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 188 റണ്‍സെടുത്ത് തുല്യനിലയിലായതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം നാലുപന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി മറികടന്നു. മത്സരത്തിലെ രാജസ്ഥാൻ പരിശീലകന്‍ ദ്രാവിഡിന്റെയും നായകന്‍ സഞ്ജുവിന്റെയും പദ്ധതികള്‍ക്കെതിരേ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പുമാണ് രാജസ്ഥാന്റെ ഗെയിം പ്ലാനുകള്‍ക്കെതിരേ രംഗത്തെത്തിയത്.

To advertise here,

സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് നിതീഷ് റാണയെ ഇറക്കണമായിരുന്നുവെന്നും ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നുവെന്നും പൂജാര പറഞ്ഞു. ജയ്‌സ്വാളിനെ സൂപ്പര്‍ ഓവറിന്റെ തുടക്കം തന്നെ ബാറ്റിങ്ങിനിറക്കണമായിരുന്നുവെന്ന് ഇയാന്‍ ബിഷപ്പും പ്രതികരിച്ചു. അതേസമയം സൂപ്പർ ഓവറിൽ ഇറങ്ങേണ്ടെന്നത് മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്നും അത് ഒരാളുടെത് മാത്രമായിരുന്നില്ലെന്നുമാണ് നിതീഷ് റാണ പ്രതികരിച്ചത്.

'ജയ്‌സ്വാള്‍ തുടക്കത്തില്‍ തന്നെ ഇറങ്ങണമായിരുന്നു. കാരണം അദ്ദേഹം സ്റ്റാര്‍ക്കിനെതിരേ ബാറ്റ് ചെയ്യുന്ന രീതി നോക്കിയാല്‍ മതി. സ്റ്റാര്‍ക്കിനെതിരേ ജയ്‌സ്വാളിന് മികച്ച റെക്കോഡുണ്ട്. സൂപ്പര്‍ ഓവറില്‍ സ്റ്റാര്‍ക്ക് യോര്‍ക്കറുകള്‍ എറിയാനാണ് ശ്രമിച്ചത്. ജയ്‌സ്വാള്‍ കുറച്ച് പന്തുകള്‍ നേരിട്ടിരുന്നെങ്കില്‍ സ്റ്റാര്‍ക്ക് സമ്മര്‍ദത്തിലാകുമായിരുന്നു. അത് മാനസികമായ മുന്‍തൂക്കം നല്‍കുമായിരുന്നു.'- പൂജാര പറഞ്ഞു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റുചെയ്ത രാജസ്ഥാനു വേണ്ടി ഹെറ്റ്‌മെയറും റിയാൻ പരാഗുമാണ്  ഇറങ്ങിയത്. മിച്ചൽ സ്റ്റാർക്കാണ് പന്തെറിയാനെത്തിയത്. ഒരു നോബോൾ ഫോർ ഉൾപ്പെടെ ആദ്യ നാലുപന്തിൽ രാജസ്ഥാൻ പത്തുറൺ എടുത്തു. എന്നാൽ അടുത്ത രണ്ടു പന്തുകളിൽ റിയാൻ പരാഗും യശസ്വി ജയ് സ്വാളും റൺഔട്ട് ആയതോടെ ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 12 റൺസ്. 

കെ.എൽ. രാഹുൽ, ട്രിസ്റ്റ്യൻ സ്റ്റബ്സ് എന്നിവരാണ് ഡൽഹിക്കുവേണ്ടി ബാറ്റുചെയ്യാനിറങ്ങിയത്. സന്ദീപ് ശർമയാണ് പന്തെറിഞ്ഞത്. ആദ്യപന്തിൽ രാഹുലിന്റെ ഡബിളും രണ്ടാംപന്തിൽ ഫോറും മൂന്നാം പന്തിൽ സിംഗിളുമെടുത്തു. അടുത്ത ബോളിൽ സിക്സ് നേടി സ്റ്റബ്‌സ് ഡൽഹിക്ക് ജയം സമ്മാനിച്ചു.