വിശാഖപട്ടണം: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും പുതിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിനും ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശ നിറഞ്ഞ തുടക്കമായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരവും ലഖ്നൗ തോറ്റു. ഋഷഭ് പന്തിന്റെ പ്രകടനവും ദയനീയമായിരുന്നു. കഴിഞ്ഞദിവസം പഞ്ചാബിനെതിരേ എട്ട് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പന്തുമായി ദീര്‍ഘനേരം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സാമൂഹികമാധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയായി. 

To advertise here,

മത്സരശേഷം ടീമിലെ നായകന്മാരുമായി ഗോയങ്ക ചര്‍ച്ചനടത്തുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പ് നായകനായിരുന്ന കെ.എല്‍. രാഹുലിനോടും ഗോയങ്ക അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 2024 ഐപിഎല്ലിന്റെ സമയത്ത് ഒരു മത്സരത്തിലെ തോല്‍വിക്കു ശേഷം അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കെ.എല്‍ രാഹുലിനോട് മൈതാനത്തുവെച്ച് അതൃപ്തിയോടെ സംസാരിച്ച ഗോയങ്കയുടെ പ്രവൃത്തി വൻ ചർച്ചയായിരുന്നു. സമാനമായിരുന്നു ചൊവ്വാഴ്ചത്തെതും. പന്തിനുനേരെ ​ഗോയങ്ക വിരൽചൂണ്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പന്തിനെതിരേ വിമർശനങ്ങളുയരുകയാണ്. 27 കോടി മുടക്കി ടീമിലെത്തിച്ചിട്ടും ദയനീയപ്രകടനം തുടരുന്നത് ആരാധകർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. 

ആദ്യ മത്സരത്തിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൈയിലിരുന്ന മത്സരമാണ് അവസാന നിമിഷം ടീം കൈവിട്ടത്. മത്സരത്തില്‍ ഡക്കായും അവസാന ഓവറിലെ നിര്‍ണായക സ്റ്റമ്പിങ് നഷ്ടപ്പെടുത്തിയും പന്തിനും മത്സരം അത്ര നല്ലതായിരുന്നില്ല. തോല്‍വിക്കു ശേഷം പന്തുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും ദീര്‍ഘ നേരം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാരിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചെങ്കിലും മൂന്നാം മത്സരത്തിൽ തോറ്റത് തിരിച്ചടിയായി. 

അന്ന് നിന്നുവിയര്‍ത്ത രാഹുല്‍

ലഖ്‌നൗ - ഡല്‍ഹി മത്സരത്തിനു പിന്നാലെ നടന്ന ഗോയങ്ക - പന്ത് ചര്‍ച്ചയെ പഴയ കെ.എല്‍ രാഹുല്‍ സംഭവവുമായി ആരാധകര്‍ താരതമ്യം ചെയ്തതിന് കാരണമുണ്ടായിരുന്നു. അന്ന് രാഹുലിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്ന അതേ ശരീര ഭാഷയിലായിരുന്നു ഗോയങ്ക ഉണ്ടായിരുന്നത്. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പന്തില്‍ നിന്ന് ധാരാളം അബദ്ധങ്ങള്‍ പിണഞ്ഞിരുന്നു. ഇതാണ് ആരാധകരില്‍ സംശയമുയര്‍ത്തിയത്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത്. അന്ന് ആ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. മത്സരശേഷം ലഖ്നൗ ഡഗ്ഔട്ടിനടുത്തുവെച്ചായിരുന്നു സംഭവം. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നത് കാണാമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിവിധ കോണുകളില്‍ വലിയ പ്രതിഷേധങ്ങളാണ് അന്ന്‌ സഞ്ജീവിനെതിരേ ഉയര്‍ന്നത്. പിന്നാലെ വിവാദങ്ങള്‍ തണുപ്പിക്കാന്‍ അദ്ദേഹം രാഹുലിന് അത്താഴവിരുന്നൊരുക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ വസതിയിലായിരുന്നു വിരുന്ന്. രാഹുലിനൊപ്പം നില്‍ക്കുന്നതും താരത്തെ കെട്ടിപ്പിടിക്കുന്നതുമായുള്ള ചിത്രങ്ങളും അന്ന് സഞ്ജീവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണോടെ രാഹുല്‍ ടീം വിട്ടിരുന്നു.