
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സമകാലിക മലായള സിനിമയെ പരിചയപ്പെടുത്തുന്ന 'മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'വിക്ടോറിയ'. അങ്കമാലി പശ്ചാത്തലമാക്കി ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ശിവരഞ്ജിനി ജെ. സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ കടന്നുപോകുന്ന സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം തനതായ അവതരണരീതി കൊണ്ടും പ്രാദേശികതയിലൂന്നിനിൽക്കുന്ന പാത്രസൃഷ്ടികൊണ്ടും വേറിട്ടുനിൽക്കുന്നു.
ആദ്യത്തെ ലോങ് ഷോട്ടും അവസാന ഷോട്ടും - വിക്ടോറിയ ബ്യൂട്ടിപാർലറിലേക്ക് എത്തുന്നതും തിരിച്ചിറങ്ങതും - ഒഴിച്ചുനിർത്തിയാൽ പൂർണമായും പാർലറിനകത്താണ് ചിത്രം സംഭവിക്കുന്നത്. ഒരു പൂവൻകോഴിയും ഫോൺവഴിയെത്തുന്ന വിക്ടോറിയയുടെ കാമുകനുമല്ലാതെ ചിത്രത്തിൽ മറ്റു പുരുഷകഥാപാത്രങ്ങളുമില്ല. എന്നാൽ, ബ്യൂട്ടിപാർലറിലെത്തുന്ന സ്ത്രീകളുടെ വ്യത്യസ്ത സ്വഭാവസവിശേഷതകളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് ചിത്രം.
വിക്ടോറിയയും പരിചയക്കാരിയായ അന്നാമ്മയും ബസിൽ യാത്ര ചെയ്യുന്ന ദൃശ്യത്തിൽനിന്നാണ് ചിത്രം ആരംഭിക്കുന്നത്. പുണ്യാളന് നേർന്ന കോഴിയെ താൽക്കാലികമായി സൂക്ഷിക്കാൻ വിക്ടോറിയയെ നിർബന്ധിച്ചേൽപിച്ചാണ് അന്നാമ്മ പിരിയുന്നത്. അന്യമതസ്ഥനുമായുള്ള പ്രണയം അറിഞ്ഞതിനെ തുടർന്ന് തലേന്ന് വീട്ടിലുണ്ടായ സംഘർഷങ്ങൾ മനസ്സിലും അന്നാമ്മയുടെ കോഴി കയ്യിലും പേറി ബ്യൂട്ടിപാർലറിലെത്തുന്ന വിക്ടോറിയയെ കാത്തിരുന്നത് അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങൾക്കിടയിലും അവൾക്ക് അധിക ജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നു. കാമുകനിൽനിന്നും അനുഭാവപൂർണമായ പ്രതികരണമല്ല ലഭിക്കുന്നത്. ജോലിക്കും മാനസിക സംഘർഷങ്ങൾക്കുമിടയിൽ വീർപ്പുമുട്ടുകയാണ് വിക്ടോറിയ.
വിക്ടോറിയയുടെ ഉൾപ്പിരിവുകളും ദിനാന്ത്യത്തിൽ അവളിലുണ്ടാകുന്ന തിരിച്ചറിവുകളുമാണ് മുഖ്യകഥാതന്തുവെങ്കിലും ബ്യൂട്ടിപാർലറിലെ പെണ്ണിടത്തെ സവിശേഷമായി അടയാളപ്പെടുത്തുന്നുണ്ട് ചിത്രം. തങ്ങളുടേത് മാത്രമായ ഇടങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റം, അവരുടെ ചർച്ചാവിഷയങ്ങൾ ഇതെല്ലാം വളരെ സ്വാഭാവികതയോടെ ചിത്രത്തിലെത്തുന്നു. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലും പ്രായത്തിലും മതത്തിലുമുള്ളവരായ സ്ത്രീകൾക്കിടയിലെ സാഹോദര്യവും പാരസ്പര്യവും ചിത്രം മനോഹരമായി വരച്ചുകാട്ടുന്നു. വിക്ടോറിയയും ബ്യൂട്ടിപാർലർ ഉടമയും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ മുതൽ പാർലറിലെ കാത്തിരിപ്പിനിടെ അപ്പോൾ മാത്രം പരിചയപ്പെടുന്നവർ തമ്മിൽ രൂപപ്പെടുന്ന താൽക്കാലിക ബന്ധത്തിൽ വരെ ആ ഊഷ്മളത അനുഭവിക്കാനാകും.
ദീർഘസംഭാഷണങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നുള്ള കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും സംഭാഷണരീതികളും പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അങ്കമാലിയുടെ പ്രാദേശിക പ്രത്യേകതകളിൽ തുടങ്ങി സ്ത്രീകൾ ഏതൊരു സമൂഹത്തിലും അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ വരെ ഈ ചർച്ചകളിൽ ഒളിഞ്ഞും തെളിഞ്ഞും കാണാമെന്നതാണ് 'വിക്ടോറിയ'യുടെ മാറ്റുകൂട്ടുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ശിവരഞ്ജിനി തന്റെ ആദ്യചിത്രത്തിലൂടെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൈകാര്യം ചെയ്ത മൂന്ന് മേഖലകളിലും അവർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിക്ടോറിയ എന്ന പ്രധാന കഥാപാത്രത്തെ മീനാക്ഷി ജയൻ ഉജ്ജ്വലമാക്കി. ബ്യൂട്ടീഷനായും അങ്കമാലിക്കാരിയായും വിക്ടോറിയയുടെ ശരീരഭാഷയും സംസാരരീതിയും വിശ്വസനീയമായി അവതരിപ്പിക്കാനും ഏറ്റവും അടുത്തവരെന്ന് കരുതുന്നവരിൽ നിന്ന് തിരസ്കൃതയാകുന്ന പെൺകുട്ടിയുടെ സംഘർഷങ്ങൾ തന്മയത്വത്തോടെ സ്ക്രീനിലെത്തിക്കാനും മീനാക്ഷിയ്ക്കായി. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, സ്റ്റീജ മേരി, ദർശന വികാസ്, രമാദേവി തുടങ്ങിയവരെല്ലാം സ്വാഭാവിക പ്രകടനംകൊണ്ട് കഥയെ മുന്നോട്ട് നയിച്ചു.
ബ്യൂട്ടിപാർലറിലെ കാത്തിരിപ്പുകാരെന്നപോലെ പ്രേക്ഷകനെ ചിത്രം അനുഭവിപ്പിക്കുന്നതിൽ ക്യാമറാമാൻ ആനന്ദ് രവിയുടെ സംഭാവനയും വലുതാണ്. ചടുലത കൊണ്ടും നിശ്ചലത കൊണ്ടും ആനന്ദിന്റെ ക്യാമറ സിംഗിൾ ലൊക്കേഷൻ ചിത്രത്തെ മടുപ്പിക്കാതെ പ്രേക്ഷകരിലെത്തിച്ചു. അഭയദേവ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ സ്മിജിത് കുമാർ, രാധാകൃഷ്ണൻ എന്നിവരാണ്.
വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (KSFDC) ഫണ്ടാണ് ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ്. ചിത്രം നിർമ്മിക്കാനുള്ള കെ.എസ്.എഫ്.ഡി.സിയുടെ തീരുമാനത്തെ പൂർണമായും ന്യായീകരിക്കുന്നുണ്ട് വിക്ടോറിയ.
Content Highlights: A single-location film, Victoria follows a beautician`s day, exploring female relationships
Published: 17 Dec 2024, 02:36 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented