'ഹായ് എന്റെ പേര് ഷംല ഹംസ, ഞാനാണ് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ലീഡ് റോൾ ചെയ്തിട്ട്ള്ളത്...' ഒന്നരമണിക്കൂറിൽ അവസാനിച്ച ചിത്രത്തിന് ശേഷവും പ്രേക്ഷകർ ഇരിപ്പിടത്തിൽ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, ആരായിരുന്നു ഫാത്തിമ എന്ന ആ ശക്തയായ സ്ത്രീ കഥാപാത്രത്തെ സ്ക്രീനിൽ എത്തിച്ചത് എന്നറിയാൻ. 

To advertise here,

29-ാം രാജ്യാന്തര ചലച്ചിത്രവേദിയിലെ അപൂർവ നിമിഷങ്ങളായിരുന്നു കൈരളി തീയേറ്റർ സാക്ഷ്യം വഹിച്ചത്. കൈക്കുഞ്ഞുമായി സംഘാംഗങ്ങൾക്കിടയിൽ നിന്ന് ഷംല ഹംസ എന്ന അഭിനേത്രി മുന്‍പോട്ടു വന്ന് പ്രേക്ഷകരെ അഭിവാദ്യം ചെയ്തതോടെ നിലക്കാത്ത കയ്യടികളായിരുന്നു. അത്രയ്ക്കും ശക്തമായൊരു കഥാപാത്രത്തെ അതിന്റെ ഭംഗിയും ശക്തിയുമൊട്ടും ചോരാതെയാണ് ഷംല ഹംസ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. 

'ഞാനാണ് ചിത്രത്തിൽ ലീഡ് റോളിൽ അഭിനയിച്ചത്...' എന്ന് പറഞ്ഞു തീരുംമുമ്പേ ബഹളം കേട്ട് കൈയിലിരുന്ന കുഞ്ഞ് കരച്ചിൽ ആരംഭിച്ചു. ഇതോടെ പതിയെ ഷംല പുറത്തേക്ക് പോയി.

ഇന്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിനായി കൈരളി തീയേറ്ററിന് പുറത്ത് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നീണ്ട നിര രൂപപ്പെട്ടിരുന്നു. റിസർവേഷൻ ആരംഭിച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിന്റെ സീറ്റുകൾ ഫുള്ളായിരുന്നു. മൂന്ന് മണിക്കായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. തീയേറ്റർ നിറഞ്ഞ് ആളുകൾ കിട്ടിയിടങ്ങളിൽ ഇരിപ്പിടമുറപ്പിച്ചു. തീയേറ്ററിന് പുറത്തും വലിയൊരു കൂട്ടം നിരാശയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. എല്ലാവരും ഒന്നടങ്കം പ്രശംസിച്ചത് ഫാത്തിമ എന്ന കഥാപാത്രത്തേയും. 

placeholder
സിനിമയില്‍ നിന്നുള്ള രംഗം 

കുട്ടി ജനിച്ച് ആറ് മാസം പ്രായമുള്ളപ്പോഴാണ് ഷംല ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. തൃത്താല പട്ടാമ്പി സ്വദേശിയാണ്. നേരത്തെ ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിലും ഷംല വേഷമിട്ടിട്ടുണ്ട്. 

ഫാസിൽ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാഥാസ്ഥിതിക ഭർത്താവും കുടുംബത്തിനുമിടയിലെ ഫാത്തിമ എന്ന സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ചിത്രം. കുടുംബങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വീർപ്പുമുട്ടലുകളെ സരസമായും അതേസമയം അതിന്റെ ഗൗരവം ഒട്ടും ചോരാതെയും ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്.