രു സംവിധായകന്റെ തൂലികയില്‍ പിറന്ന അനേകം കഥാപാത്രങ്ങള്‍. വെള്ളിത്തിരയുടെ വെളിച്ചത്തില്‍ മാത്രം ഉയിര്‍കൊള്ളുന്ന അവര്‍ സംവിധായകന്റെ കയ്യിലെ നൂല്‍പ്പാവകളാണ്. സൃഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം പ്രമേയമാക്കിയ ചിത്രമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മുഖക്കണ്ണാടി. സന്തോഷ് ബാബുസേനനും സതീശ് ബാബുസേനനും ഒരുക്കിയ ചിത്രം വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.

To advertise here,

മലയാളത്തിലെ പ്രശസ്തനായ സംവിധായകനാണ് കലാധരന്‍. ബാല്യകാലത്തു തന്നെ സിനിമയാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞയാളാണ് അദ്ദേഹം. ഇപ്പോള്‍ കരിയറിലെ തന്നെ അവസാന ഘട്ടത്തിലാണ് അദ്ദേഹം. ഈ അവസരത്തില്‍ തന്റെ തൂലികയിലൂടെ പിറന്ന കഥാപാത്രങ്ങളിലേക്ക് അയാള്‍ ഒരിക്കല്‍ക്കൂടി സഞ്ചരിക്കുകയാണ്. ആ യാത്ര ചില പുനര്‍വിചിന്തനങ്ങളിലേക്ക് അയാളെ നയിക്കുന്നു.

ചില കഥാപാത്രങ്ങളുടെ ജീവിതത്തില്‍ താന്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തിയതായി കലാധരന് തോന്നുന്നു. പ്രത്യേകിച്ച് ശ്രീറാം എന്ന കഥാപാത്രത്തിന്റെ കാര്യത്തില്‍. തന്നെത്തന്നെയാണ് അയാള്‍ ശ്രീറാമില്‍ കാണുന്നത്. മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്രീറാമിന്റെ കുട്ടിക്കാലം മുതല്‍ പ്രേക്ഷകരോട് പറയാന്‍ കലാധരന്‍ ശ്രദ്ധിച്ചിരുന്നു. അവന്‍ തന്നെ പോലൊരു സിനിമ സംവിധായകന്‍ ആകണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. 

സ്വകാര്യ ബാങ്കിലെ ലോണ്‍ വിഭാഗത്തിലാണ് അയാള്‍ ജോലി ചെയ്യുന്നത്. ഏറെ സമ്മര്‍ദമുള്ള ആ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിലേക്ക് തിരിയാന്‍ അവന്റെ കാമുകി നീരജ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവന് അതിനു കഴിയുന്നില്ല. നീരജയ്ക്ക് അവനോടുള്ള പ്രണയം സമ്മതിക്കാനോ അവളോട് ഇഷ്ടമാണെന്ന് പറയാനോ ശ്രീറാം കൂട്ടാക്കുന്നില്ല. ജോലി നഷ്ടപ്പെടുന്ന, കാമുകിയാല്‍ തിരസ്‌കരിക്കപ്പെട്ട ശ്രീറാം ഒറ്റപ്പെടുന്നു. ഇതിനെല്ലാം കാരണക്കാരനായ തന്റെ സൃഷ്ടാവുകൂടിയായ കലാധരനോട് ശ്രീറാം എന്തിനാണ് തന്റെയും മറ്റുള്ള കഥാപാത്രങ്ങളളുടെയും ജീവിതത്തില്‍ അനാവശ്യമായി കൈകടത്തുന്നത് എന്ന് ചോദിക്കുകയാണ്. അതൊരു സംഘര്‍ഷത്തിന്റെ തുടക്കമാവുന്നു. തന്റെ ജീവിതത്തിലെ വില്ലനായ കലാധരനെ അവസാനിപ്പിക്കാന്‍ ശ്രീറാം തീരുമാനിക്കുന്നു. 

ജീവിതത്തിനെയും മരണത്തിനെയും അതിമനോഹരമായി വരച്ചു കാണിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. കാലിക പ്രസക്തിയുള്ള ചിത്രമാണ് മുഖകണ്ണാടി. പ്രണയത്തിനോടും കാമത്തിനോടുമുള്ള യുവതയുടെ കാഴ്ചപ്പാട് വളരെ വ്യക്തമായി ചിത്രം വരച്ചുകാണിക്കുന്നു. ഒന്നിനോടൊന്ന് മികച്ച രീതിയിലായിരുന്നു എല്ലാ കഥാപാത്രങ്ങളുടെയും പ്രകടനം.