തിരുവനന്തപുരം: പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത പ്രോട്ടോക്കോളില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. ടാഗോര്‍ തിയേറ്ററിലെ മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി  ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ സ്റ്റാളിന്റെ ഉദ്ഘാടനവേളയിലായിരുന്നു ആദരം. മേള നടക്കുന്ന പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനും ഹരിതപ്രോട്ടോക്കോള്‍  പാലിക്കുവാനും ശുചീകരണ തൊഴിലാളികളുടെയും ഹരിത കര്‍മസേനാംഗങ്ങളുടെയും നിസ്വാര്‍ത്ഥ സേവനമാണ് നടത്തുന്നതെന്ന് പ്രേംകുമാര്‍ പറഞ്ഞു.

To advertise here,

മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരിക്കല്‍ എന്നിവയെക്കുറിച്ച് അറിവുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്‍ മേള വേദിയില്‍ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളില്‍ പൊതു ശൗചാലയം, മാതൃകാ ഗ്രാമത്തിലെ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ കമ്പോസ്റ്റ് എന്നിവയുടെയെല്ലാം മാതൃകാ രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാലിന്യത്തില്‍നിന്നുണ്ടാകുന്ന സമ്പത്ത് എന്നതാണ് ആപ്തവാക്യം. മാലിന്യത്തെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകള്‍ക്കായി 'വേസ്റ്റ് ചാറ്റ്' എന്നൊരു വേറിട്ട സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  

ചടങ്ങില്‍  സ്വച്ഛ് സര്‍വേക്ഷണ്‍ പ്രചരണ പരിപാടിയുടെ പോസ്റ്ററും ചെയര്‍മാന്‍ പ്രകാശിപ്പിച്ചു. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍രാജ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുജ പി.എസ്., പ്രോഗ്രാം ഓഫിസര്‍ ബബിത എന്‍.സി. എന്നിവര്‍ പങ്കെടുത്തു.