കുടുംബബന്ധങ്ങളുടെ മധുരവും കയ്പും മനോഹരമായി അ‌വതരിപ്പിക്കുന്ന ചിത്രമാണ് ലില അ‌വിലിസിന്റെ 'ടോട്ടം'. മെക്സിക്കോയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് അ‌വിലിസിന്റെ രണ്ടാം ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് 'ടോട്ടം' പ്രദർശിപ്പിക്കുന്നത്.

To advertise here,

സോൾ എന്ന ഏഴുവയസ്സുകാരിയിലൂടെയാണ് 'ടോട്ടം' കഥ പറഞ്ഞുതുടങ്ങുന്നത്. അച്ഛന്റെ ജന്മദിനത്തിൽ ഒരുക്കുന്ന പാർട്ടിയിൽ പങ്കെടുക്കാനായി മുത്തച്ഛന്റെ വീട്ടിലേക്ക് അ‌മ്മയോടൊപ്പം പോവുകയാണവൾ. അ‌ർബുദ ബാധിതനായ സോളിന്റെ അ‌ച്ഛൻ ടോണ അ‌വിടെ ചികിത്സയും വിശ്രമവുമായി കഴിയുകയാണ്. ടോണയു​ടെ പിതാവും സഹോദരിമാരും അ‌വരുടെ ഭർത്താക്കൻമാരും മക്കളും  ഉൾപ്പെടെ ഒരു കൂട്ടുകുടുംബം തന്നെയുണ്ട് ആ വലിയ, മൂകമായ പ്രൗഢിയിൽ മുങ്ങിനിൽക്കുന്ന വീട്ടിൽ. 

സോളിനെ പിതൃസഹോദരിമാരുടെ മേൽനോട്ടത്തിൽ വിട്ട് അ‌മ്മ മടങ്ങുന്നു. ​വൈകിട്ടത്തെ ജന്മദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്ന അ‌വിടത്തെ ഒരു ദിവസം നീളുന്ന സംഭവങ്ങളിലൂടെയാണ് 'ടോട്ടം' സഞ്ചരിക്കുന്നത്. അ‌ച്ഛന് എന്താണ് സംഭവിക്കുന്നതെന്നറിയാത്ത സോളിലെ ആശയക്കുഴപ്പങ്ങളും ഒടുവിൽ അ‌വൾക്കുണ്ടാകുന്ന തിരിച്ചറിവുമാണ് ടോട്ടത്തിന്റെ കാതൽ.

അ‌തേസമയം, ചിത്രത്തെ സംവിധായിക സോൾ എന്ന ഒറ്റ കഥാപാത്രത്തിൽ മാത്രം തളച്ചിടുന്നില്ല. അ‌വൾക്കുചുറ്റും നടക്കുന്ന സംഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും 'ടോട്ടം' സമയാസമയങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. സോളിന്റെ അ‌ച്ഛൻ, അ‌ച്ഛനെ പരിചരിക്കുന്ന നഴ്സ്, പിതൃസഹോദരിമാർ, മുത്തച്ഛൻ, കസിൻസ് തുടങ്ങിയവരിലൂടെയെല്ലാം കടന്നുപോകുന്ന ചിത്രം അ‌വർക്കിടയിലുള്ള പൊരുത്തവും പൊരുത്തമില്ലായ്മയും തെളിമയോടെ വരച്ചുകാട്ടുന്നു. 

മാനുഷികബന്ധങ്ങളിലെ ​ഊഷ്മളതയും വ്യക്തിയുടെ സ്വാർത്ഥ താൽപര്യങ്ങളും തമ്മിലുള്ള ​വൈരുധ്യവും അ‌ത് സ്വാഭാവികമാണെന്ന തിരിച്ചറിവുമാണ് 'ടോട്ടം' നമുക്ക് നൽകുന്നത്. ചിത്രം അ‌വസാനിക്കുമ്പോൾ, കഥപറച്ചിലിനിടെ അ‌ങ്ങിങ്ങായി ചിതറിക്കിടക്കുന്ന പല രംഗങ്ങൾക്കും പ്രമേയവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നെന്ന് പ്രേക്ഷകന് മനസ്സിലാകുമെന്നതാണ് ഈ ലില അ‌വിലിസ് ചിത്രത്തിന്റെ തിളക്കമേറ്റുന്നത്.