
പാംദിയോർ പുരസ്കാരം നേടിയ അനാട്ടമി ഓഫ് എ ഫോൾ എന്ന ചിത്രം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചലച്ചിത്രമേളയിലെ സാമാന്യം ദൈർഘ്യമുള്ള ചിത്രംകൂടിയായിരുന്നു ഇത്. സാമുവൽ, മദാ മോയിദർ എന്നീ എഴുത്തുകാരായ ദമ്പതിമാർ ഫ്രഞ്ച് അതിർത്തിയിലാണ് താമസം. അവിടത്തെ ശൈത്യകാലത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
സാമുവൽ ജർമൻകാരനും ഭാര്യ ഫ്രഞ്ചുകാരിയുമാണ്. ഒരിക്കൽ മദാ മോയിദറെ ഇന്റർവ്യൂ ചെയ്യാൻ ഒരു മാധ്യമപ്രവർത്തകൻ എത്തുകയാണ്. സാമുവലിന്റെയും മദാ മോയിദറുടേയും മകന് കാഴ്ചശക്തിയില്ല. ഒരു ദിവസം വളർത്തുനായയ്ക്കൊപ്പം നടക്കാൻ പോയ മകൻ തന്റെ പിതാവ് മഞ്ഞിൽ മരിച്ചുകിടക്കുന്നതായി മനസിലാക്കുന്നു. ഈ മരണത്തിന്റെ ചുരുളഴിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് നടക്കുന്നത്. സംശയത്തിന്റെ മുന നീളുന്നത് മദാ മോയിദർക്കുനേരെയാണ്. അങ്ങനെ മോയിദറുടെ മാനസികസംഘർഷങ്ങളുടേയും നിയമപോരാട്ടത്തിന്റെയും കഥകൂടിയാണ് ചിത്രം പറയുന്നത്.
സ്വന്തം ജീവിതാനുഭവങ്ങൾ പുസ്തകമാക്കി പ്രശസ്തയായ എഴുത്തുകാരിയാണ് മോയിദർ. അതുകൊണ്ടുതന്നെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടും എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടാവുമെന്ന ആരോപണവും അവർ നേരിടുന്നുണ്ട്. കാല്പനികതയും ജീവിതവും രണ്ടാണെന്ന് അവർ കോടതിയിൽ വാദിക്കുന്നുണ്ട്. സാമുവലിന്റെ മരണത്തിന്റെ സാക്ഷികൾ കാഴ്ചയില്ലാത്ത മകനും നായയുമാണ്. അവരുടെ ജീവിതത്തിന്റെ ചുരുളുകൾകൂടിയാണ് ഈ കോടതിരംഗങ്ങളിൽ അഴിയുന്നത്. കുട്ടിയുടെ മനോവ്യാപരങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ സഞ്ചാരം.
കോടതിമുറിക്കുള്ളിലെ വാദപ്രതിവാദങ്ങൾക്കപ്പുറം മോയിദറും തന്റെ ഭർത്താവിന്റെ മരണത്തിന്റെ ഉത്തരം തേടുകയായിരുന്നു. അവരും അവരുടേതായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
കോടതിയിലെ വാദപ്രതിവാദങ്ങൾ അല്പം നീണ്ടുപോവുന്നു എന്നതൊഴിച്ചാൽ മികച്ച ചിത്രംതന്നെയാണ് അനാട്ടമി ഓഫ് എ ഫോൾ. രണ്ടര മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
Content Highlights: iffk 2023, anatomy of a fall review
Published: 12 Dec 2023, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented