വർ​ഗീയ സംഘർഷങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മണിപ്പൂരി സംവിധായകൻ ഹോബം പബൻ കുമാർ. വർഗീയ സംഘർഷങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തടയുക അ‌സാധ്യമാണെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്ത് സംസാരിക്കവേ അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.

To advertise here,

മണിപ്പൂരിലെ സംഘർഷങ്ങളെ കുറിച്ചുള്ള പബൻ കുമാറിന്റെ 'ജോസഫ്സ് സൺ' എന്ന ചിത്രം ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 

മണിപ്പൂരിലെ സംഘർഷങ്ങൾ അവിടത്തെ ജനങ്ങളിൽ വലിയ മനസികാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലെ മാനസിക പിരിമുറുക്കത്തേയും വ്യക്തി​ഗത അനുഭവങ്ങളേയും കോർത്തിണക്കിയാണ് താൻ ജോസഫ്സ് സൺ നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മണിപ്പൂർ മിനി ഇന്ത്യയാണ്. ഓരോ ജാതിയും അ‌വിടെ സ്വന്തം മേഖലയ്ക്കായുള്ള പോരാട്ടത്തിലാണ്. വർഗീയ സംഘർഷങ്ങൾ മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നത്,' പബൻ കുമാർ കൂട്ടിച്ചേർത്തു.

ശ്രീജിത് മുഖർജി, ടാറ്റിയാന ​ഗ്രൗലേറ, ഷോക്കിർ ഖൊലിക്കോവ്, വിശ്വേഷ് സിം​ഗ് സെഹരാവത്, ലുബ്ധക് ചാറ്റർജി, ഫെലിപ്പേ കാർമോണ എന്നിവർ മീറ്റ് ദ ഡയറക്ടേഴ്സിൽ പങ്കെടുത്തു. എ.മീരാസാഹിബ് മോഡറേറ്ററായിരുന്നു.