തിരുവനന്തപുരം: ലാഭം പ്രതീക്ഷിക്കാതെ മേഖലയോടുള്ള ഇഷ്ടംകൊണ്ടു നിർമാതാവായ വ്യക്തിയാണ് പി.വി.ഗംഗാധരനെന്നും വടക്കൻ വീരഗാഥപോലെ മികച്ച സിനിമകൾ അദ്ദേഹം കാരണമുണ്ടായെന്നും സംവിധായകൻ സിബി മലയിൽ. ഐ.എഫ്.എഫ്.കെ.യുടെ ഭാഗമായി നിള തിയേറ്ററിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സിനിമയെയും സിനിമാക്കാരെയും ചേർത്തുപിടിച്ച്‌ കോഴിക്കോട്ടെത്തുന്ന സിനിമാക്കാരുടെ ആതിഥേയനായിരുന്നു പി.വി.ജി. ചിരിച്ചമുഖത്തോടെയല്ലാതെ സംസാരിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ പിൻഗാമികളും മികച്ച സിനിമകളുമായി പാരമ്പര്യം തുടരുന്നുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

മറ്റു നിർമാതാക്കളിൽനിന്നു വ്യത്യസ്തമായി ഐ.എഫ്.എഫ്.കെ.യിലെ സ്ഥിരസാന്നിധ്യമായിരുന്നു പി.വി.ജി.യെന്ന് സംവിധായകൻ കമൽ പറഞ്ഞു. കെ.ജി.ജോർജ്, ഇന്നസെന്റ്, സിദ്ധീഖ്, മാമുക്കോയ, കെ.രവീന്ദ്രനാഥൻ നായർ തുടങ്ങിയവരെയും അടുത്തകാലത്തായി വിടപറഞ്ഞ സിനിമാപ്രവർത്തകരെയും അനുസ്മരിച്ചു.

കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ.കരുൺ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി.അജോയ്, സിനിമാനടൻമാരായ മുകേഷ്, ഹരിശ്രീ അശോകൻ, സംവിധായകരായ ടി.വി.ചന്ദ്രൻ, ജിയോ ബേബി, ഐ.എഫ്.എഫ്.കെ. ക്യുറേറ്റർ ഗോൾഡ സെല്ലം, ഫാ. ബെന്നി ബെനിഡിക്ട് തുടങ്ങിയവർ പ്രസംഗിച്ചു.