
ആദ്യ ചിത്രത്തിലൂടെ തന്നെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയിരിക്കുകയാണ് യുവസംവിധായകൻ ഫാസിൽ റസാഖ്. മേളയിലെ ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഫാസിലിന്റെ 'തടവ്' എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്.
തടവ് ആദ്യ ഫീച്ചർ ചിത്രമാണെങ്കിലും 2021 കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ ഫാസിലിന്റെ അതിര്, പിറ എന്നീ ഹ്രസ്വചിത്രങ്ങൾ പുരസ്കാരങ്ങൾ നേടിയിരുന്നു. തന്റെ സിനിമാലോകത്തെ കുറിച്ച് ചലച്ചിത്രമേള വേദിയിൽ വെച്ച് ഫാസിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചു.
'തടവ്' എന്ന ചിത്രം
'തടവ്' അമ്പതുകാരിയായ ഒരു അംഗനവാടി ടീച്ചറുടെയും അവരുടെ ചുറ്റുമുള്ളവരുടെയും കഥയാണ്. മാനുഷിക വികാരങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ അവരെങ്ങനെ അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നു എന്നതാണ് സിനിമ പറയുന്നത്.
വാർത്തയിൽ നിന്ന് ലഭിച്ച പ്രമേയം

വാർത്തകൾ വഴി അറിഞ്ഞ, കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് 'തടവി'ന് കാരണമായത്. അതിനെ അടിസ്ഥാനമാക്കി ഒരു പശ്ചാത്തലമൊരുക്കി. അതിനിണങ്ങുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു. മനസ്സിലുണ്ടായിരുന്ന വൺലൈനും ഈ പശ്ചാത്തലവും കൂട്ടിച്ചേർത്താണ് തിരക്കഥ എഴുതിയത്.
പാലക്കാട് പട്ടാമ്പി പ്രദേശത്താണ് സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ആ പ്രദേശത്ത് ഇപ്പോഴും നമുക്ക് കാണാൻ കഴിയുന്ന വീടുകളും പരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിലും വരുന്നത്. പ്രമേയത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് തോന്നിയതുകൊണ്ടാണ് കഥ ആ പശ്ചാത്തലത്തിൽ ഒരുക്കിയത്.
സിനിമയിലേക്കുള്ള വഴി

ആലുവ യു.സി. കോളേജിലാണ് ഞാൻ പഠിച്ചത്. അപ്പോഴേ സിനിമ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ക്യാമ്പസിലെ സമാനമനസ്കരായ സുഹൃത്തുക്കളുമായി ഒരു കൂട്ടായ്മ ഉണ്ടാക്കി. ഞങ്ങൾ ഒരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. നിരവധി ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഒരുപാട് സിനിമകൾ കണ്ടു. ഇഷ്ടമുള്ള സബ്ജക്ട് ഇഷ്ടപ്പെട്ട രീതിയിൽ എടുക്കണമെന്നുള്ള താൽപര്യമാണ് 'തടവ്' പോലൊരു ചിത്രത്തിലേക്ക് എത്തിച്ചത്.
സിനിമയിലൂടെ തുടരുന്ന സൗഹൃദം

കോളേജ് കാലത്തെ സുഹൃത്തുക്കൾ തന്നെയാണ് 'തടവി'ലും സഹകരിച്ചിരിക്കുന്നത്. സിനിമാറ്റോഗ്രാഫർ മൃദുലും എഡിറ്റർ വിനായക് സുതനും കോളേജിൽ എന്റെ ബാച്ച് മേറ്റ്സ്. ഞങ്ങൾ ഒന്നിച്ച് ഷോർട്ട് ഫിലിമുകളെടുത്ത് വന്നവരാണ്. അവർ സംവിധാനം ചെയ്യുമ്പോൾ ഞാനും അസോസിയേറ്റായും എഡിറ്ററായുമൊക്കെ വർക്ക് ചെയ്യാറുണ്ട്.
Content Highlights: iffk 2023, thadavu movie, fazil razak interview, film based on true events
Published: 13 Dec 2023, 06:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented