ബോളിവുഡ് മെലോഡ്രാമകൾക്ക് ആഫ്രിക്കയിൽ വലിയ ആരാധകവൃന്ദമുണ്ടെന്ന് ചലച്ചിത്രമേള അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ബൗക്കരി സാഡോഗോ. വടക്കൻ നൈജീരിയയിൽ ബോളിവുഡ് ചിത്രങ്ങളെ പകർത്തി പ്രാദേശിക ചേരുവകൾ ചേർത്ത് റീമേക്ക് ചെയ്യുന്ന പ്രവണതയുണ്ടെന്നും അതിനെ 'നോളിവുഡ്'എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ബോളിവുഡ് ചിത്രങ്ങളിലെ പാട്ടുകളോട് താൽപര്യമില്ലെന്നും 'ത്രീ ഇഡിയറ്റ്സ്' തന്റെ ഇഷ്ടചിത്രമാണെന്നും സവാഡോഗോ പറഞ്ഞു.
ആഫ്രിക്കൻ സിനിമയെ കുറിച്ച് ആഴത്തിൽ പഠിക്കുകയും നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ബൗക്കരി സവാഡോഗോ. 17 വർഷമായി ന്യൂയോർക്കിൽ സിനിമാ സ്റ്റഡീസ് പ്രൊഫസറാണ്. യുഎസിലും യൂറോപ്പിലും ആഫ്രിക്കയിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ജൂറിയായിരുന്നു. ആഫ്രിക്കൻ സിനിമയെ കുറിച്ച് സവാഡോഗോ സംസാരിക്കുന്നു.
സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റം
ആഫ്രിക്കൻ സിനിമ ഇപ്പോൾ സുപ്രധാന വഴിത്തിരിവിലാണ്. പുതിയ ചലച്ചിത്ര നിർമാതാക്കൾ, വർധിച്ചുവരുന്ന സിനിമ നിർമാണം, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ എന്നിവ അതിനെ അടയാളപ്പെടുത്തുന്നു. പ്രാദേശികമായ ടിവി സീരീസുകളും ആനിമേഷനും ഗെയിമുകളും ഈ ട്രെൻഡിൽ ഉൾപ്പെടുന്നു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വരവിനു ശേഷം ആരാണ് സംവിധായകൻ എന്ന സുപ്രധാന ചോദ്യമുണ്ട്. ഇപ്പോൾ എല്ലാവർക്കും ക്യാമറയുമുണ്ട്, എഡിറ്റിംഗ് സോഫ്റ്റ്‌വെയറിനെ കുറിച്ചും അറിയാം. അവരൊക്കെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ചിലരാകട്ടെ ഗ്രാമങ്ങളിൽ നേരിട്ട് പോയി പ്രൊജക്റ്റർ ഉപയോഗിച്ച് അവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നു.
മാറിയ കാലവും കഥയും
1960-70 കാലഘട്ടങ്ങളിൽ സിനിമയെ ശക്തമായ രാഷ്ട്രീയ-സാംസ്കാരിക ഉപകരണമായാണ് ആഫ്രിക്കയിൽ ഉപയോഗിച്ചത്. എന്നാൽ 1990കൾക്ക് ശേഷം വിനോദമായി പ്രധാന ലക്ഷ്യം. അത് ഇന്നും തുടർന്നുപോരുന്നു. സിനിമ ഗൗരവത്തോടെ കാണുന്ന ചലച്ചിത്രകാരൻമാരായ മാലി, നൈജർ, ബുർക്കിന ഫാസോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരസുരക്ഷാ-തീവ്രവാദ പ്രശ്നങ്ങളിലേക്കാണ്ക്യാമറ തിരിക്കുന്നത്. സ്ത്രീകളുടെ ദുരവസ്ഥയും സാമ്പത്തിക പ്രതിസന്ധി കാരണം പുറം നാടുകളിലേക്ക് ചേക്കേറുന്ന യുവതലമുറയുമാണ് മറ്റു പ്രധാന വിഷയങ്ങൾ.
ആഫ്രിക്കയിലെ ചലച്ചിത്രമേള
രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന FESPACO മേളയാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേള. 40,000ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ മാത്രം പങ്കെടുക്കും. കൺട്രി ഇൻ ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെട്ട രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരും മേളയിലെ ക്ഷണിക്കപ്പെട്ട അതിഥികളാണ്. കൂടാതെ സംഗീത-സാംസ്കാരിക പരിപാടികൾ ഭക്ഷ്യമേളകൾ എന്നിവയുമുണ്ടാകും.
പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെപ്പോലെ തന്നെ ആഫ്രിക്കയിലെ ചലച്ചിത്രമേളകളുടെയും പ്രത്യേകതയാണ്. അമേരിക്കയിലെ മേളകളിൽ ചിലപ്പോൾ ആളുകൾ സിനിമ കാണാൻ വരും, ചിലപ്പോൾ വരില്ല. കൂടുതലും വരുന്നത് പ്രൊഫഷണലുകൾ ആയിരിക്കും.
Content Highlights: iffk 2023 director Boukary Savadogo Interview
Published: 15 Dec 2023, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented