തിരുവനന്തപുരം: ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ മലയാള ചിത്രങ്ങൾ സബ്​ടൈറ്റിലുകളെ ഗൗരവമായി കാണണമെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേള ക്യൂറേറ്റർ ഗോൾഡ സെല്ലം. വിദേശ പ്രേക്ഷകരുമായി സംവദിക്കാൻ മികച്ച സബ്​ടൈറ്റിലുകൾ അ‌ത്യാവശ്യമാണെന്നും ഫ്രാൻസിൽനിന്നുള്ള ഫിലിം കൺസൾട്ടന്റ് കൂടിയായി ഗോൾഡ പറഞ്ഞു.

To advertise here,

'മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകർക്ക് ചിത്രങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന് ഭാഷ തടസമാകാറുണ്ട്. വിദേശ മേളകളിൽ മലയാള സിനിമയുടെ സബ്ടൈറ്റിൽ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമ്പോൾ സംവേദനത്തിൽ പ്രശ്നം വരാൻ സാധ്യതയുണ്ട്. ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാം.'

'സബ്‌ടൈറ്റിൽ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്ക് പരിശീലനം നൽകുകയും വേണം. ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകും. മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദേശ കമ്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തിൽ ഗുണം ചെയ്യും. അടുത്ത ഘട്ടത്തിൽ സഹനിർമ്മാണത്തിലേയ്ക്ക് കടക്കാനാകും' -ഗോൾഡ സെല്ലം വ്യക്തമാക്കി.

സമകാലിക സാഹചര്യത്തിൽ മേളകൾ ക്യൂറേറ്റ് ചെയ്യുക ഏറെ ശ്രമകരമാണെന്നും അ‌വർ പറഞ്ഞു. കുറ്റമറ്റരീതിയിൽ സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഓരോ സിനിമയും അത് പങ്കുവെക്കുന്ന രാഷ്ട്രീയവും ലോകം ശ്രദ്ധിക്കുന്നുണ്ട്. അതീവ ജാഗ്രതയോടെ മാത്രമേ ഒരു ക്യൂറേറ്റർക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കൂവെന്നും ഗോൾഡ കൂട്ടിച്ചേർത്തു.