ഒരു കൗതുകത്തിന്റെ പേരില്‍ത്തുടങ്ങിയ തമാശ വലിയ വിപത്തിലേക്ക് നയിക്കുന്ന അവസ്ഥവന്നാല്‍? എങ്ങനെയായിരിക്കും ആ ദുരന്തം അല്ലെങ്കില്‍ ദുരനുഭവം അനുഭവിക്കേണ്ടിവന്നവര്‍ ആ അവസ്ഥയെ നേരിടുക? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ചിത്രമാണ് രാഹുല്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കള്ളനോട്ടം.

To advertise here,

ഒരു ഗോപ്രോ ക്യാമറയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം എന്ന് പറയാം. ഗോപ്രോയില്‍ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഒരു പലചരക്ക് കടയില്‍ ഉടമ കൊണ്ടുവെക്കുന്ന ഗോപ്രോ ക്യാമറ വിന്‍സെന്റ് എന്ന കുട്ടി മോഷ്ടിക്കുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കൂട്ടുകാരായ കിഷോറിനേയും റോസിയേയും വെച്ച് ഒരു സിനിമയുണ്ടാക്കാനുള്ള ശ്രമത്തിനിടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

കുട്ടികളുടെ തമാശ എന്ന രീതിയില്‍ത്തുടങ്ങുന്ന ചിത്രം പതിയെ തമാശയായി കാണാന്‍ പറ്റാത്ത വലിയ കാര്യങ്ങളിലേക്കാണ് എത്തുന്നത്. അവിടേയും സാക്ഷിയായി ഗോപ്രോയുടെ സാന്നിധ്യമുണ്ട്. ഒരുഘട്ടം പിന്നിട്ടുകഴിയുമ്പോള്‍ അഭിനയിച്ചിരിക്കുന്നവരെ മറികടന്ന് സംസാരിക്കുന്ന വിഷയം സ്‌ക്രീനില്‍ മേല്‍ക്കൈ പ്രാപിക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള അതിക്രമിച്ചുകടക്കല്‍ ആ വ്യക്തിയെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നു എന്നും ചിത്രം ചര്‍ച്ചചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് സിനിമയിലെ ചര്‍ച്ചാവിഷയം. ഒന്ന് ഒരു മോഷണം. രണ്ട് സ്വകാര്യതാ ലംഘനം. ഇത് രണ്ടും ചെയ്തവരെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ പ്രേക്ഷകരുടെ യുക്തിക്ക് വിടുകയാണ് സംവിധായകന്‍. 

സൂര്യദേവ് സജീഷ് മാരാര്‍, വസുദേവ് സജീഷ് മാരാര്‍, ശ്രീജിത്ത് ബാബു, വിജയ് ഇന്ദുചൂഡന്‍, വിനിത കോശി എന്നിവരാണ് മുഖ്യവേഷത്തില്‍. 

കള്ളനോട്ടം സിനിമയുടെ പോസ്റ്റര്‍ | ഫോട്ടോ: https://iffk.in/filmdetail