
അത്യാവശ്യമൊക്ക പഠിച്ചില്ലേ? അതുമതി, ഇനി കല്യാണം കഴിച്ച് ഭർത്താവിന്റെ കാര്യങ്ങൾ നോക്ക്. എത്ര വയസായി എന്ന് വല്ല വിചാരവുമുണ്ടോ? ഇത്തരം ചോദ്യങ്ങൾ കേൾക്കാത്ത പെൺകുട്ടികളുണ്ടാവില്ല നമ്മുടെ നാട്ടിൽ. പ്രായപൂർത്തിയാവുന്നതിനനുസരിച്ച് ഓരോ പെൺകുട്ടിയും നേരിടേണ്ടി വരുന്ന ഇത്തരം ചോദ്യങ്ങളുടെ ഘടനയിലും ഈണത്തിലും മാത്രമേ വ്യത്യാസമുണ്ടാവൂ. ഉള്ളടക്കം ഒന്നുതന്നെയായിരിക്കും. അങ്ങനെ നോക്കുമ്പോൾ അതിവിസ്തൃതമായ ഒരു വിഷയം തന്നെയാണിത്. അതുതന്നെയാണ് കമീല ആൻഡിനി സംവിധാനം ചെയ്ത യൂനി എന്ന ഇൻഡൊനീഷ്യൻ ചിത്രവും പറയുന്നത്.
17-കാരിയായ വിദ്യാർത്ഥിനിയാണ് യൂനി. യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പഠിക്കുക എന്നതാണ് യൂനിയുടെ ആഗ്രഹം. അതിനിടയിൽ രണ്ട് വിവാഹാലോചനകളാണ് വരുന്നത്. രണ്ടും അവൾ തള്ളിക്കളയുന്നു. നാട്ടിലെ വിശ്വാസമനുസരിച്ച് മൂന്ന് ആലോചനകൾ തള്ളിക്കളഞ്ഞാൽ പിന്നെ വിവാഹം നടക്കില്ല. ഇതിനിടെ മൂന്നാമതൊരു വിവാഹാലോചന കൂടി യൂനിക്ക് വരുന്നു. വിശ്വാസത്തിനനുസരിച്ച് വിവാഹമാണോ വേണ്ടത്, അതോ പഠനമാണോ വേണ്ടത് എന്ന ആശങ്കയിലാവുകയാണ് യൂനി.
വിവാഹത്തേക്കുറിച്ചും ലൈംഗികതയേക്കുറിച്ചുമെല്ലാം യൂനി കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നും ആ വിഷയത്തേ ക്കുറിച്ച് സംസാരിച്ചുകൂടാ എന്നാണ് കൂട്ടുകാരികൾക്കിടയിൽ നിന്ന് വരുന്ന അഭിപ്രായം. സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് കുടുംബിനിയായി കഴിഞ്ഞുകൂടാൻ പ്രയാസപ്പെടുന്ന നായികയെ ചിത്രത്തിൽ കാണാം. പഠനവും വിവാഹവും ഇരുവശങ്ങളിലായി നിന്ന് അവളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കൂട്ടുകാരിയുടെ വിവാഹത്തിനാണ് ആഗ്രഹങ്ങൾ കൈവിട്ടുപോകുന്നതിന്റെ വിഷമത്തിന്റെ യഥാർത്ഥ തീവ്രത യൂനിക്ക് മനസിലാവുന്നത്.
ഒരു പതിനേഴുകാരിക്ക് ആ പ്രായത്തിൽ എന്തെല്ലാം ചിന്തകളുണ്ടാവുമെന്ന് മറയില്ലാതെ പറയുകയാണ് സംവിധായിക. ഒരു സ്കൂളിന്റെ പശ്ചാത്തലത്തിലാണ് കഥ മുഴുവൻ നടക്കുന്നത്. ചിത്രം കണ്ടുകഴിയുമ്പോൾ യൂനിയുടെ കഥപറയാൻ ഇതിനേക്കാൾ നല്ലൊരു പശ്ചാത്തലം ഇല്ലെന്നും തോന്നും. പറയുന്ന വിഷയം ഇങ്ങനെയൊന്നായതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിലുള്ളയാൾക്കും മാനസികമായി അടുപ്പംതോന്നും യൂനിയോട്.
പഠനമാവട്ടെ വിവാഹമാകട്ടെ ഒന്ന് തിരഞ്ഞെടുത്തേ മതിയാവൂ യൂനിക്ക്. ഏറെ ചിന്തിച്ചുറപ്പിച്ചായിരിക്കണം ഒന്നവൾ തിരഞ്ഞെടുത്തത്. അത് ശരിയാണോ തെറ്റാണോ, അത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളോ എന്ന ചോദ്യമാണ് സിനിമയ്ക്കൊടുവിൽ ബാക്കിയാവുന്നത്.
Content Highlights: iffk 2022, yuni movie review, kamila andini
Published: 22 Mar 2022, 09:09 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented