പനജി: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അഞ്ചുദിവസത്തെ സജീവമായ സിനിമ ചര്‍ച്ചകള്‍ക്കും ആഗോള സഹകരണങ്ങള്‍ക്കും വഴി തുറന്ന വേവ്സ് ഫിലിം ബസാര്‍ 19-ാം പതിപ്പ് തിങ്കളാഴ്ച സമാപിച്ചു. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, ഫണ്ടര്‍മാര്‍, വളര്‍ന്നു വരുന്ന യുവപ്രതിഭകള്‍ എന്നിവരെ ഒരുമിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തുന്ന സംരംഭമാണ് ഫിലിം ബസാര്‍.

To advertise here,

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരായ ഡോ. എം.എന്‍. അജയ് നാഗഭൂഷണ്‍, ഡോ. കെ.കെ. നിരാല, എന്‍എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ പ്രകാശ് മഗ്ദം, വേവ്സ് ഫിലിം ബസാറിന്റെ ഉപദേഷ്ടാവ് ജെറോം പൈലാര്‍ഡ്, ഐഎഫ്എഫ്‌ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍, പ്രശസ്ത സംവിധായകരായ രാജ്കുമാര്‍ ഹിരാനി, ശ്രീറാം രാഘവന്‍, നടി റേച്ചല്‍ ഗ്രിഫിത്ത്സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അന്തരിച്ച നടന്‍ ധര്‍മേന്ദ്രയുടെ സിനിമാ ലോകത്തിനുള്ള പകരംവെക്കാനില്ലാത്ത സംഭാവനകളെ അനുസ്മരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. കോ- പ്രൊഡക്ഷന്‍ മാര്‍ക്കറ്റ്, വര്‍ക്ക്-ഇന്‍-പ്രോഗ്രസ് ലാബ്, സ്‌ക്രിപ്റ്റ് ലാബ്, എഐ (AI) അധിഷ്ഠിത വിഭാഗങ്ങള്‍ എന്നിവയിലായി മികച്ച പ്രൊജക്റ്റുകള്‍ക്ക് വേവ്സ് ഫിലിം ബസാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

പ്രധാന കോ- പ്രൊഡക്ഷന്‍ ഗ്രാന്റുകള്‍ നേടിയ പ്രോജെക്റ്റുകള്‍

  • കാക്തേത് (Idiot): ഒന്നാം സ്ഥാനം, കോ-പ്രൊഡക്ഷന്‍ ഗ്രാന്റ് (10,000 ഡോളര്‍)
  • ഉള്‍ട്ട (Madam): രണ്ടാം സ്ഥാനം, കോ-പ്രൊഡക്ഷന്‍ ഗ്രാന്റ് (5,000 ഡോളര്‍)
  • സിംഹസ്ഥ കുംഭ്: പ്രത്യേക ഡോക്യുമെന്ററി ഗ്രാന്റായി (5,000 ഡോളര്‍)

റെഡ് സീ ഫണ്ട് അവാര്‍ഡുകള്‍ക്ക് ദി മാനേജര്‍, അഴി, ഉസ്താദ് ബന്റു എന്നീ പ്രൊജക്റ്റുകള്‍ അര്‍ഹമായി. പ്ലാറ്റൂണ്‍ വണ്‍ സ്‌ക്രിപ്റ്റ് ഡെവലപ്മെന്റ് ഗ്രാന്റ് നസ്മ കാ തദ്കാ സ്വന്തമാക്കി.

പോസ്റ്റ് പ്രൊഡക്ഷന്‍ രംഗത്ത്, ഖോറിയ, അഴി, ദി ഇങ്ക് സ്‌റ്റൈന്‍ഡ് ഹാന്‍ഡ് ആന്‍ഡ് ദി മിസ്സിംഗ് തമ്പ്, ബാണ്‍ യെസ്റ്റര്‍ഡേ, ആക്കാട്ടി, കമോഷ് നസര്‍ ആതെ ഹൈ എന്നീ പ്രൊജക്റ്റുകള്‍ക്ക് ന്യൂബ് സ്റ്റുഡിയോസ്, പ്രസാദ് കോര്‍പറേഷന്‍, മൂവിബഫ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു. ചിന്ഗം എന്ന ചിത്രത്തിന് റീബോണ്‍ ഇന്ത്യ തിയേറ്ററിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ അവാര്‍ഡ് ലഭിച്ചു.

എല്‍ഡിഐമൈന്‍ഡ്ട്രീയുടെ സഹായത്തോടെ നടന്ന എഐ ഫിലിം ഫെസ്റ്റിവലില്‍ 18-ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള എന്‍ട്രികളുണ്ടായിരുന്നു.

എഐ സിനിമ അവാര്‍ഡ് ജേതാക്കള്‍:

  • മികച്ച എഐ ആനിമേഷന്‍: കയ്‌റ
  • ഏറ്റവും നൂതനമായ എഐ സിനിമ: ദ സിനിമ ദാറ്റ് നെവര്‍ വാസ്
  • മികച്ച എഐ ഷോര്‍ട്ട്: നാഗോരി

സിനിമഎഐ ഹാക്കത്തോണ്‍ എന്ന പേരില്‍ അതിവേഗം എഐ സിനിമ നിര്‍മിക്കാനുള്ള മത്സരത്തില്‍ ദ റെഡ് ക്രയോണ്‍ മികച്ച എഐ സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. വേവ്സ് ഫിലിം ബസാറിന്റെ മേധാവി വിനീത മിശ്രയുടെ നന്ദി പ്രകാശത്തോടെ ചടങ്ങ് സമാപിച്ചു.