
പനജി: ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ 'സ്ത്രീകളും ഗ്ലാസ് സീലിംഗും'എന്ന വിഷയത്തില്‍ നടി വിദ്യാ ബാലന് സംസാരിച്ചു. സിനിമാതാരം വാണി തൃപാഠിയും ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ സ്ത്രീ അഭിനേതാക്കള്‍ അവതരിപ്പിച്ച അസാധാരണമായ കഥാപാത്രങ്ങളും അതുപോലെ കൂടുതല്‍ അഭിനയിക്കാനുള്ള അവരുടെ ആഗ്രഹവുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളില്‍ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥകള്‍ പറയുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചതെന്ന് വിദ്യാ ബാലന് അവകാശപ്പെട്ടു.
വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിദ്യ പറഞ്ഞു. പ്രേക്ഷകരുമായി ഇമോഷണലി കണക്ട് ചെയ്യാന്‍ കഴിയുന്ന പുതിയ കഥകളും കഥാപാത്രങ്ങളും നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നത് വളരെ പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിനയിക്കുന്ന എല്ലാ സിനിമകളിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് സങ്കല്പ്പിക്കാന് കഴിയാത്ത വേഷങ്ങള്‍ ചെയ്യാനും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പിംഗ് തകര്‍ക്കാനുമുള്ള അതിയായ ആഗ്രഹമാണ് തനിക്ക് പ്രചോദനമായതെന്നും താരം മറുപടി നല്കി.
''ഞാന്‍ ചെയ്യുന്ന ഓരോ സിനിമയിലും കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്, അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്, അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്,'' വിദ്യാ ബാലന് പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ നമ്മളെല്ലാവരും ഉപേക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മൂന്ന് ദശാബ്ദക്കാം നീണ്ട കരിയറില്‍, പരിനീത, ഭൂല്‍ ഭുലയ്യ, പാ, കഹാനി, ദി ഡേര്‍ട്ടി പിക്ചര്‍, ശകുന്തള ദേവി, ഷാരേനി, ജല്‍സ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് വിദ്യാ ബാലന്. ഇതില്‍ സില്‍ക് സ്മിതയുടെ ജീവിതത്തെ അസ്പദമാക്കിയുള്ള ദി ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് 2011-ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും വിദ്യാ ബാലന് നേടിയിരുന്നു.
Content Highlights: Vidya Balan in IFFI, women and glass ceiling, female characters in Indian cinema
Published: 28 Nov 2023, 09:48 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented