
പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായിക/സംവിധായകൻ പുരസ്കാരത്തിന് വേണ്ടിയുള്ള മത്സരവിഭാഗത്തിൽ മലയാള ചിത്രം ഇരട്ട അടക്കം ഏഴ് നവാഗത ചിത്രങ്ങളാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. വളർന്നുവരുന്ന സംവിധായകർക്കും അവരുടെ മികച്ച സിനിമകൾക്കും അന്താരാഷ്ട്ര തലത്തിൽ ഒരു വേദി നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ മത്സരവിഭാഗം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥപറച്ചിലിലെ പുതുമ, കാഴ്ചപ്പാടുകളുടെ പുതുമ, സിനിമയിലെ മികവ് എന്നിവ പ്രേക്ഷകർക്ക് മുന്നിലെത്തികുകയാണ് ലക്ഷ്യം.
സിനിമകൾ ഇവയാണ്:
1. ഇരട്ട
കേരള പോലീസ് ഉദ്യോഗസ്ഥരായ ഇരട്ടകളുടെ കഥ പറയുന്ന ചിത്രമാണ് രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട. ഒരു മന്ത്രിയുടെ വരവിന് തൊട്ടുമുമ്പ് വെടിയേറ്റ് മരിക്കുന്ന എഎസ്ഐ വിനേദിന്റെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. വിനോദിന്റെ ഇരട്ടയായ ഡി.വൈ.എസ്.പി പ്രമോദ് മരണത്തെ പറ്റി അന്വേഷിക്കുന്നതും, വിനോദിന്റെ മരണത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
2. ഓൺമോസ്റ്റ് എന്റയർലി എ സ്ലെെറ്റ് ഡിസാസ്റ്റർ
ഉമുത് സുബാസി സംവിധാനം ചെയ്ത ഈ ടർക്കിഷ് സിനിമ ഇസ്താംബൂളിലെ നാല് വ്യക്തികളുടെ സമകാലിക ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ നടത്തിയ ഈ ചിത്രം, പുതുതലമുറ നേരിടുന്ന പ്രശ്നങ്ങളും ജീവിതത്തെ കുറിച്ചുള്ള അവരുടെ ഉത്കണ്ഠകളും നർമ്മത്തിലൂടെ സമർത്ഥമായി വരച്ചുകാട്ടുന്നുണ്ട്.
3. ലെറ്റ് മി ഗോ
സ്വിറ്റ്സർലൻഡ് പശ്ചാത്തലമാക്കി മാക്‌സിം റപ്പാസ് സംവിധാനം ചെയ്‌ത് ഈ ചിത്രം ക്ലോഡിൻ എന്ന സ്നേഹമുള്ള അമ്മയുടെ കഥ പറയുന്ന ചിത്രമാണ് ലെറ്റ് മി ഗോ . സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും ത്യജിച്ചുകൊണ്ട് മകന്റെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ക്ലോഡിൻ എന്ന അമ്മയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലോകത്തെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
4. ഒക്കറീന
അൽബൻ സോഗ്‌ജാനി സംവിധാനം ചെയ്‌ത ഒരു അൽബേനിയൻ ചിത്രമാണ് ഒക്കറീന. ഒരു പുതിയ രാജ്യത്തേക്ക് മാറുമ്പോൾ ജീവിതശൈലിയിലെ മാറ്റം മൂലം ഉയർന്നുവരുന്ന കുടുംബ പ്രശ്‌നങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
5. സ്ലീപ്പ്
ജാസൺ യു സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സിനിമയാണ് സ്ലീപ്പ്. ഭർത്താവിന്റെ ഏലോസരപ്പെടുത്തുന്ന ഉറക്ക ശീലങ്ങളെക്കുറിച്ച് ആശങ്കാകുലയായ ഒരു ഗർഭിണിയുടെ കഥ പറയുന്ന ചിത്രമാണ് ഇത്. കോമഡി-ഹൊററർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാൻ (ക്രിട്ടിക്‌സ് വീക്ക്) 2023, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, മെൽബൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023 എന്നിവയിലും ചിത്രം ഇടംപിടിച്ചിരുന്നു.
6. വെൽ ദ സീഡ്ലിംഗ്സ് ഗ്രോ
റെജർ ആസാദ് കായ സംവിധാനം ചെയ്ത ഈ സിനിമ, തൈര് വിറ്റ് ഉപജീവനം നടത്തുന്ന കൊബാനെയിലെ ഹുസൈനെയും കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് ഒരുക്കിയിരിക്കുന്നത്. യുദ്ധങ്ങളും ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങളുമൊക്കെ ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.
7. ധായ് ആഖർ
അമ്രിക് സിംഗ് ദീപിന്റെ 'തീർത്ഥതൻ കേ ബാദ്' എന്ന നോവലിനെ ആസ്പദമാക്കി പ്രവീൺ അറോറ സംവിധാനം ചെയ്ത ചിത്രമാണ് ധായ് ആഖർ. സ്ത്രീ ശാക്തീകരണവും പ്രണയത്തെ വിമോചനത്തിനുള്ള പ്രചോദനമായും സിനിമ വരച്ചുകാട്ടുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രദർശനങ്ങളിൽ മേളയിൽ ലഭിച്ചത്.
വളർന്നുവരുന്ന മികച്ച പ്രതിഭകൾക്കുള്ള അംഗീകാരമായി മികച്ച നവാഗത ചലച്ചിത്രത്തിനുള്ള അവാർഡ് പ്രഖ്യാപനം മേളയുടെ സമാപന ദിവസമായ നാളെ പ്രഖ്യാപിക്കും.
Content Highlights: iffi 2023 best debutant, director award silver peacock, iratta, award winners
Published: 27 Nov 2023, 10:02 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented